Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മൂന്ന് പസഫിക് രാജ്യങ്ങളിലേക്ക് നയതന്ത്ര യാത്ര; ഇന്തോനേഷ്യയില്‍ നരേന്ദ്ര മോദിക്ക് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം! ഇന്തോ-പസഫിക് മേഖലയില്‍ ചൈനയ്ക്ക് തടയിടാൻ 'മഹാസാഗര്‍' തന്ത്രവുമായി ഇന്ത്യ; പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി ഇന്ന് നിര്‍ണ്ണായക ചര്‍ച്ച; പ്രശസ്തമായ പ്രംബാനൻ ഹൈന്ദവ ക്ഷേത്രവും രാമായണ നിഴല്‍ക്കൂത്തും സന്ദര്‍ശിക്കും; ജക്കാര്‍ത്തയ്ക്ക് ശേഷം ഓസ്‌ട്രേലിയയും ന്യൂസിലൻഡും ലക്ഷ്യമിട്ട് മോദി

Sathyam Online 1 week ago

ജക്കാര്‍ത്ത: ഇന്ത്യയുടെ 'ആക്‌ട് ഈസ്റ്റ്' നയവും ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ കാഴ്ചപ്പാടുകളും കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി ചൊവ്വാഴ്ച നിര്‍ണ്ണായക ചര്‍ച്ച നടത്തും.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന് പുതിയ ഊര്‍ജ്ജം പകരുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.


തിങ്കളാഴ്ച ജക്കാര്‍ത്തയില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഇന്തോനേഷ്യന്‍ പ്രസിഡന്റ് നേരിട്ടെത്തി അതീവ ഊഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തില്‍ നല്‍കിയത്. പ്രധാനമന്ത്രിയുടെ വിമാനം ഇന്തോനേഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതു മുതല്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ അകമ്പടി സേവിച്ചിരുന്നു.


വിമാനത്താവളത്തില്‍ വെച്ചുതന്നെ ഗാര്‍ഡ് ഓഫ് ഓണറും പരമ്പരാഗത സ്വീകരണവും അദ്ദേഹത്തിന് നല്‍കി. പ്രസിഡന്റ് പ്രബോവോ സുബിയാന്തോയ്ക്ക് പുറമെ നാല് മുതിര്‍ന്ന മന്ത്രിമാരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

2018-ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി ഇന്തോനേഷ്യന്‍ സന്ദര്‍ശനമാണിത്.

തനിക്ക് ലഭിച്ച അസാധാരണ സ്വീകരണത്തില്‍ അതീവ സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി മോദി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയും പ്രസിഡന്റും യോഗ്യകര്‍ത്തയിലെ പ്രശസ്തമായ പ്രംബാനന്‍ ഹൈന്ദവ ക്ഷേത്ര സമുച്ചയം സന്ദര്‍ശിക്കും. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണിത്.

ജക്കാര്‍ത്തയിലെ ഹോട്ടലില്‍ എത്തിയ പ്രധാനമന്ത്രിക്ക് മുന്നില്‍ രാമായണ ആവിഷ്‌കാരവും ഭരതനാട്യവും ഉള്‍പ്പെടെയുള്ള വിപുലമായ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി.


ഇന്തോനേഷ്യയുടെ പരമ്പരാഗത നിഴല്‍ക്കൂത്തായ 'വായാങ് കുലിത്' വഴി രാമായണ കഥ അവതരിപ്പിച്ചത് തന്നെ ഏറെ സ്പര്‍ശിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇരുരാജ്യങ്ങളുടെയും സാംസ്‌കാരിക ബന്ധത്തിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിച്ചു.


ഇന്തോനേഷ്യക്ക് പുറമെ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നതാണ് പ്രധാനമന്ത്രിയുടെ ഈ ഔദ്യോഗിക സന്ദര്‍ശനം. ഇന്ത്യയുടെ 'മഹാസാഗര്‍' കാഴ്ചപ്പാട് ശക്തിപ്പെടുത്താന്‍ ഈ യാത്ര സഹായിക്കുമെന്ന് ഡല്‍ഹിയില്‍ നിന്ന് തിരിക്കും മുന്‍പ് മോദി വ്യക്തമാക്കിയിരുന്നു.

2025 ജനുവരിയിലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പ്രസിഡന്റ് പ്രബോവോ സുബിയാന്തോ പങ്കെടുത്തിരുന്നു.

ഇന്തോനേഷ്യയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന്റെ ക്ഷണപ്രകാരം മെല്‍ബണിലേക്കും, തുടര്‍ന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സന്റെ ക്ഷണപ്രകാരം ഓക്ലന്‍ഡിലേക്കും തിരിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online