Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മുസ്ലിം ലീഗില്‍ വെട്ടിനിരത്തല്‍. ഗ്രൂപ്പ് സമവാക്യങ്ങള്‍ തകര്‍ത്ത് 'ഒരാള്‍ക്ക് ഒരു പദവി' നയം കടുപ്പിച്ച്‌ പാണക്കാട് തങ്ങള്‍. മന്ത്രിമാരും എംഎല്‍എമാരും സംഘടന ചുമതലകള്‍ ഒഴിയണം. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മാത്രം വഴിവിട്ട ഇളവെന്ന് ആക്ഷേപം. എൻ. ഷംസുദ്ദീനും കെ.എം. ഷാജിയും പി.കെ. ഫിറോസും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മറ്റ് പദവികള്‍ ഒഴിയും. അധികാരം കുത്തകയാക്കി വെച്ച മുതിര്‍ന്ന നേതാക്കളുടെ ചിറകരിയാൻ നീക്കം. ലീഗില്‍ വൻ അഴിച്ചുപണി

Sathyam Online 1 week ago

കോഴിക്കോട്: അധികാരം ഒരു ഭാഗത്തും സംഘടനാ പദവികള്‍ മറുഭാഗത്തുമായി ഒരേസമയം രണ്ട് വഞ്ചിയില്‍ കാല്‍വെച്ചു നടക്കുന്ന മുതിർന്ന നേതാക്കളുടെ ചിറകരിയാൻ മുസ്ലിം ലീഗില്‍ വൻ വെട്ടിനിരത്തല്‍.

പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനെന്ന വ്യാജേന 'ഒരാള്‍ക്ക് ഒരു പദവി' നയം കര്‍ശനമായി നടപ്പാക്കാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കടുത്ത നിർദ്ദേശം നല്‍കി കഴിഞ്ഞു.

ഭരണത്തിലും പാർട്ടിയിലും ഒരുപോലെ സജീവ സാന്നിധ്യം ഉറപ്പിക്കാൻ പുതിയ തലമുറയ്ക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളും അധികാര കേന്ദ്രീകരണത്തോടുള്ള അണികളുടെ അമർഷവുമാണ് ഈ അടിയന്തര നീക്കത്തിന് പിന്നില്‍.

മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പാർട്ടിയിലെയും പോഷകസംഘടനകളിലെയും പദവികള്‍ ഉടനടി ഒഴിയണമെന്നാണ് കല്‍പ്പന.

എന്നാല്‍, പാർട്ടിയിലെ ഈ വൻ ശുദ്ധീകരണ പ്രക്രിയയിലും 'സൂപ്പർ പവർ' ആയ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ മാത്രം തൊടാൻ നേതൃത്വത്തിന് ധൈര്യമില്ലെന്നത് ലീഗിലെ ഇരട്ടത്താപ്പ് വീണ്ടും തുറന്നു കാട്ടുകയാണ്.

ദേശീയ ജനറല്‍ സെക്രട്ടറി എന്ന പദവിക്ക് പുറമെ സംസ്ഥാന കോര്‍ കമ്മിറ്റിയിലും കുഞ്ഞാലിക്കുട്ടി തന്നെ സർവ്വാധികാരിയായി തുടരുമെന്നാണ് സൂചന. അതേസമയം ലീഗിലെ മറ്റ് പ്രമുഖ നേതാക്കളായ മന്ത്രിമാരും സംസ്ഥാന സെക്രട്ടറിമാരുമായ എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി എന്നിവർക്ക് തങ്ങളുടെ സംഘടനാ പദവികള്‍ നഷ്ടമാകും.

കൂടാതെ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി.ഇ. അബ്ദുല്‍ ഗഫൂറും സ്ഥാനമൊഴിയേണ്ടി വരും. മന്ത്രിമാർക്കും എംഎല്‍എമാർക്കും പ്രവർത്തന സമിതികളില്‍ അംഗങ്ങളായി തുടരാമെങ്കിലും നിർണ്ണായകമായ സംഘടനാ ചുമതലകളില്‍ നിന്ന് ഇവരെ പൂർണ്ണമായി മാറ്റാനാണ് തീരുമാനം.

ഇതിനോടകം തന്നെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് കഴിഞ്ഞ ദിവസം രാജിവെച്ചതോടെ ലീഗിലെ അഴിച്ചുപണിക്ക് ഔദ്യോഗികമായി തുടക്കമായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തില്‍ പുതിയ മുഖങ്ങളെ കൊണ്ടുവരാനാണ് ഈ നീക്കമെന്ന് ഹൈ പവർ കമ്മിറ്റി അംഗം കെ.പി.എ. മജീദ് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ അണിയറയില്‍ മുതിർന്ന നേതാക്കള്‍ തമ്മിലുള്ള കടുത്ത അതൃപ്തി പുകയുകയാണ്. സംസ്ഥാന സെക്രട്ടറിമാരായ എംഎല്‍എമാർ അബിദ് ഹുസൈന്‍ തങ്ങള്‍, പാറയ്ക്കല്‍ അബ്ദുല്ല, കാസര്‍കോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ്,

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. അഷ്‌റഫലി, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എം. റഹ്മത്തുള്ള, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ എന്നിവരടക്കമുള്ള വൻ നേതാക്കളുടെ നിര തന്നെ പദവികള്‍ ഒഴിയാൻ നിർബന്ധിതരായിരിക്കുകയാണ്.

പദവികള്‍ നഷ്ടപ്പെടുന്ന മുതിർന്ന നേതാക്കളെ വെറും സെക്രട്ടേറിയറ്റ് അംഗങ്ങളാക്കി ഒതുക്കുമ്പോള്‍, ഇ.ടി. മുഹമ്മദ് ബഷീർ, സമദാനി, അബ്ദുല്‍ വഹാബ് എന്നീ എംപിമാർ ഹൈ പവർ കമ്മിറ്റിയില്‍ സുരക്ഷിതരായി തുടരുന്നതും പാർട്ടിയില്‍ പുതിയ ഗ്രൂപ്പ് പോരുകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online