
ഡല്‍ഹി: നാഷണല്‍ കോണ്‍ഫറന്‍സ് ലോക്സഭാ എം.പി ആഗാ സയ്യിദ് റൂഹുല്ല മെഹ്ദിയുടെ ഫേസ്ബുക്ക് പേജ് സസ്പെന്‍ഡ് ചെയ്തതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും മെറ്റാ പ്ലാറ്റ്ഫോംസിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു.
ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മയുടെ ബെഞ്ചാണ് കേന്ദ്ര വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം, ഐ.ടി മന്ത്രാലയം, ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ എന്നിവരോട് മറുപടി ആവശ്യപ്പെട്ടത്.
എന്നാല്‍ വിഷയം സെപ്റ്റംബര്‍ 30-ലേക്ക് മാറ്റിയ കോടതി, മറുഭാഗത്തിന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവുകളൊന്നും പുറപ്പെടുവിക്കാനാകില്ലെന്ന് വ്യക്തമാക്കി തല്‍ക്കാലം ഇടക്കാല ആശ്വാസം നല്‍കാന്‍ വിസമ്മതിച്ചു.
നിയമപാലക ഏജന്‍സിയുടെ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് പേജ് നീക്കം ചെയ്തതെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്നും മെറ്റയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ആത്മീയ നേതാവ് കൂടിയായ തന്റെ ഫേസ്ബുക്ക് പേജ് തടഞ്ഞുവെച്ചത് ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനെയും ജനാധിപത്യ പ്രക്രിയകളില്‍ പങ്കാളിയാകുന്നതിനെയും പ്രതികൂലമായി ബാധിച്ചുവെന്ന് എം.പിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
യാതൊരു വിശദീകരണമോ മുന്‍കൂട്ടി കേള്‍ക്കാനുള്ള അവസരമോ നല്‍കാതെയാണ് മെറ്റ നടപടിയെടുത്തതെന്നും, നിര്‍ദ്ദിഷ്ട നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിന് പകരം പേജ് പൂര്‍ണ്ണമായി മരവിപ്പിച്ചത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
