
വാഷിംഗ്ടണ്‍: നേപ്പാളിലുണ്ടായ കനത്ത മിന്നല്‍പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തബാധിത മേഖലകളിലുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്.
പ്രളയബാധിത പ്രദേശങ്ങളിലുള്ള അമേരിക്കന്‍ പൗരന്മാര്‍ വിദേശകാര്യ വകുപ്പിന്റെയും കാഠ്മണ്ഡുവിലെ യു.എസ് എംബസിയുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കണ്‍സുലാര്‍ അഫയേഴ്‌സ് വക്താവ് വ്യക്തമാക്കി.
നേപ്പാളില്‍ കുടുങ്ങിയ അമേരിക്കക്കാര്‍ക്ക് 24 മണിക്കൂറും അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി +1-202-501-4444 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ നേപ്പാളിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് ആശങ്കയുള്ള അമേരിക്കയിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിവരങ്ങള്‍ അറിയാനായി +1-888-407-4747 എന്ന ടോള്‍ ഫ്രീ നമ്പറിലും ബന്ധപ്പെടാം.
ദുരന്തബാധിത മേഖലയിലുള്ള തങ്ങളുടെ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാനും അവരെ കണ്ടെത്താനും എംബസി നേപ്പാള്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
