Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

നിയമനത്തട്ടിപ്പില്‍ പി.എസ്.സിയിലെ ഉന്നതര്‍ അറസ്റ്റ് ഭീതിയില്‍. ഇടത് നേതാവിന് ഒന്നാം റാങ്ക് ഉറപ്പിക്കാൻ നടത്തിയ കള്ളക്കളിയുടെ ചുരുളഴിച്ച്‌ ക്രൈംബ്രാഞ്ച്. ചെയര്‍മാനും രണ്ട് അംഗങ്ങളും അറിയാതെ തട്ടിപ്പ് നടക്കില്ലെന്ന് നിഗമനം. എല്ലാ തെളിവുകളും പിടിച്ചെടുക്കും. ചോദ്യം ചെയ്യലിന് ചെയര്‍മാനടക്കം നോട്ടീസ് ഉടൻ. ഡല്‍ഹിയിലെ പാറ്റാ സമരത്തിന് പിന്നാലെ പി.എസ്.സി നിയമന തട്ടിപ്പില്‍ നടപടികള്‍ അതിവേഗത്തിലാക്കി ക്രൈംബ്രാഞ്ച്

Sathyam Online 3 months ago

തിരുവനന്തപുരം: പി.എസ്.സിയിലെ പരീക്ഷാ, നിയമന തട്ടിപ്പില്‍ ചെയർമാനും അംഗങ്ങളുമടക്കം കുരുക്കിലേക്ക്. പ്ലാനിംഗ് ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) പരീക്ഷയിലെ വമ്പൻ ക്രമക്കേടുകളില്‍ ചോദ്യം ചെയ്യലിന് ഹാജരാവാൻ ചെയർമാനും അംഗങ്ങള്‍ക്കും ക്രൈംബ്രാഞ്ച് ഉടൻ നോട്ടീസ് നല്‍കും.

ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പിടിച്ചെടുക്കും. പരീക്ഷാ, മൂല്യനിർണയ വിഭാഗത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും അറസ്റ്റിലേക്ക് നീങ്ങുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും ഗുരുതരമായ പരീക്ഷാ ക്രമക്കേടില്‍ പി.എസ്.സിയിലെ ഉന്നതർ അറസ്റ്റ് ഭീഷണി നേരിടുന്നത്.


ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടില്‍ മൂന്ന് പി.എസ്.സി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചിട്ടുണ്ട്. ഇടത് അനുഭാവിയായ അരുണ്‍ ജെ. പ്രതാപിന് നിയമനം ലഭിക്കാൻ ക്രമക്കേട് നടത്തിയെന്നാണ് വിലയിരുത്തല്‍. ഒമ്പത് മുതല്‍ 18 വരെയുള്ള 58 മാർക്കിന്‍റെ പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താത്തതാണ് ഇവർക്ക് കുരുക്കായത്.


അരുണ്‍ ജെ. പ്രതാപ് ഒമ്പത് മുതല്‍ ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയിരുന്നില്ല. തുടർന്നുള്ള മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി. ഒരു ചോദ്യത്തിന് രണ്ടു വരി മാത്രമാണ് ഉത്തരമെഴുതിയത്. എഴുതിയ ഉത്തരങ്ങള്‍ തെറ്റാണെന്ന സംശയം ഉദ്യോഗാർഥിക്കുണ്ടായെന്നാണ് എസ്.ഐ.ടി വിലയിരുത്തല്‍.

അക്കാര്യം പി.എസ്.സിയിലെ ഉദ്യോഗസ്ഥരെ അറിയിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ പരീക്ഷയെഴുതിയ മുഴുവൻ ഉദ്യോഗാർഥികളുടെയും ഈ പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയുമാണെന്നാണ് വിലയിരുത്തല്‍.

ഇടതുസംഘടന പ്രവർത്തകനായ അരുണ്‍ ജെ. പ്രതാപിന് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫായി നിയമനം നല്‍കുകയും ചെയ്തു.


ഉത്തരക്കടലാസ് നാല് കഷണങ്ങളായി ഭാഗിച്ചാണ് മൂല്യനിർണയത്തിന് കൈമാറിയതെന്നും പൊതുവിജ്ഞാനം അടങ്ങിയ ഒരു ഭാഗം മൂല്യനിർണയത്തിന് അസൈൻ ചെയ്യാൻ വിട്ടുപോയെന്നുമാണ് പി.എസ്.സി ഉദ്യോഗസ്ഥരുടെ മൊഴി.


എന്നാല്‍ ഇത് ക്രൈംബ്രാഞ്ച് മുഖവിലയ്ക്കെടുക്കുന്നില്ല. ക്രമക്കേട് രേഖാമൂലം ഉദ്യോഗാർത്ഥികള്‍ ചൂണ്ടിക്കാട്ടിയിട്ടും പി.എസ്.സി അനങ്ങിയില്ല. റാങ്ക് പട്ടിക റദ്ദാക്കാനോ നിയമനം നല്‍കാതിരിക്കാനോ പി.എസ്.സി ശ്രമിച്ചില്ല. നിയമിച്ച്‌ ഒരു വർഷമാവും മുൻപ് ക്രമക്കേട് കണ്ടെത്തിയാല്‍ റൂള്‍-3 പ്രകാരം നിയമനം റദ്ദാക്കാനുള്ള അധികാരവും പ്രയോഗിച്ചില്ല.

പകരം ഉത്തരക്കടലാസിന്റെ പകർപ്പ് ഉദ്യോഗാർത്ഥികള്‍ക്ക് നല്‍കാതിരിക്കാൻ ശ്രമിച്ചതും കുറ്റകൃത്യത്തിന്റെ തെളിവാണെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. മാസങ്ങള്‍ക്ക് മുൻപേ ക്രമക്കേടുകള്‍ ഉദ്യോഗാർത്ഥികള്‍ ചൂണ്ടിക്കാട്ടിയിട്ടും അനങ്ങാതിരുന്നതാണ് ഉദ്യോഗസ്ഥർക്ക് കുരുക്കായത്.

അതേസമയം, നിയമനത്തെ ന്യായീകരിച്ച്‌ ഒന്നാം റാങ്കുകാരനായ അരുണ്‍ പ്രതാപ് മാദ്ധ്യമങ്ങളിലെത്തി. ഏതൊരു വ്യക്തിയും പരീക്ഷയെഴുതുന്നതു പോലെയാണ് ഞാനും പരീക്ഷയെഴുതിയതും അഭിമുഖത്തിന് ഹാജരായതും. പ്രത്യേകമായി ഒരു പ്രിവിലേജും കിട്ടിയിട്ടില്ല.


മാദ്ധ്യമങ്ങളിലൂടെയാണ് ഇപ്പോഴത്തെ കാര്യങ്ങള്‍ അറിഞ്ഞത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലിരിക്കുന്ന കാര്യമായതിനാല്‍ കൂടുതലൊന്നും പറയാനില്ല. അന്വേഷണം നടക്കട്ടെ- ഇതാണ് അരുണിന്റെ വിശദീകരണം.


എന്നാല്‍ പി.എസ്.സി ചെയർമാനുമായോ അംഗങ്ങളുമായോ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന ചോദ്യത്തില്‍ നിന്ന് അരുണ്‍ ഒഴിഞ്ഞുമാറി. പ്ലാനിംഗ് ബോർഡില്‍ ജോലിചെയ്യുന്ന, ഒന്നാം റാങ്ക് കിട്ടിയ അരുണ്‍ ജെ പ്രതാപിനെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ഇതുവരെ പരീക്ഷാ, നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 93 പരാതികളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ആസൂത്രണ ബോർ‌ഡിലേതിന് പുറമെ കൂടുതല്‍ പരാതികളില്‍ കേസെടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online