
വാഷിങ്ടണ്‍: വടക്കൻ അർധഗോളത്തിലെ ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ആകാശ പ്രതിഭാസങ്ങളിലൊന്നായ സമ്പൂർണ സൂര്യഗ്രഹണം ഓഗസ്റ്റ് 12-ന് ദൃശ്യമാകുമെന്ന് നാസ അറിയിച്ചു.
ഗ്രീൻലാൻഡ്, ഐസ്ലൻഡ്, വടക്കൻ റഷ്യ, അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗങ്ങള്‍, സ്പെയിനിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍, പോർച്ചുഗലിന്റെ വടക്കുപടിഞ്ഞാറൻ കോണിലെ ചെറിയ ഭാഗം എന്നിവിടങ്ങളില്‍ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകും. ഗ്രഹണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ശാസ്ത്രജ്ഞരുമായി നടത്തുന്ന അഭിമുഖങ്ങളും ഉള്‍പ്പെടുത്തി നാസ തത്സമയം സംപ്രേഷണം നടത്തും.
അലാസ്ക മുതല്‍ നോർത്ത് കരോലിന വരെ അമേരിക്കയുടെ ചില ഭാഗങ്ങളിലും, കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും, യൂറോപ്പിന്റെ വലിയൊരു ഭാഗത്തും, വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.
ഗ്രഹണത്തോടനുബന്ധിച്ച് സൂര്യന്റെ കൊറോണയെക്കുറിച്ചുള്ള പഠനത്തിനായി നാസയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ശാസ്ത്രസംഘം ഡബ്ല്യൂ ബി-57 ഉയർന്ന ഉയരത്തില്‍ പറക്കുന്ന ഗവേഷണവിമാനം ഉപയോഗിച്ച് ചന്ദ്രന്റെ നിഴലിനെ പിന്തുടർന്ന് പരീക്ഷണങ്ങള്‍ നടത്തും. കൂടാതെ നാസയുടെ പിന്തുണയോടെയുള്ള "നാഷൻവൈഡ് എക്ലിപ്സ് ബലൂണിംഗ് പ്രോജക്‌ട്" പ്രകാരം അമേരിക്കയിലെ വിവിധ സർവകലാശാലകളിലെ വിദ്യാർഥികള്‍ ഐസ്ലൻഡിലും സ്പെയിനിലും ശാസ്ത്രീയ ബലൂണുകള്‍ വിക്ഷേപിച്ച് ഗ്രഹണസമയത്ത് ഭൂമിയുടെ അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കും.ഓഗസ്റ്റ് 12-ന് കിഴക്കൻ അമേരിക്കൻ സമയം ഉച്ചയ്ക്ക് 1.15-ന് നാസയുടെ തത്സമയ സംപ്രേഷണം ആരംഭിക്കും.
കാലാവസ്ഥ അനുകൂലമായാല്‍ ഗ്രഹണത്തിന്റെ ചിത്രങ്ങള്‍ പരിപാടിക്ക് പിന്നാലെ നാസയുടെ ഔദ്യോഗിക ഫ്ലിക്കർ അക്കൗണ്ടില്‍ പ്രസിദ്ധീകരിക്കും.സംപ്രേഷണത്തിനിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നാസയിലെ വിദഗ്ധർ മറുപടി നല്‍കുമെന്നും അധികൃതർ അറിയിച്ചു.
