Tuesday, 27 Jul, 7.23 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ മീരാഭായ് ചാനുവിന് അഡീഷണല്‍ സൂപ്രണ്ടായി ഉടന്‍ നിയമനം, ജൂഡോ വിഭാഗത്തില്‍ പങ്കെടുത്ത സുശീല ദേവിയ്‌ക്ക് സബ് ഇന്‍സ്‌പെക്ടര്‍ പദവി; പ്രഖ്യാപനവുമായി മണിപ്പൂര്‍ മുഖ്യമന്ത്രി

ഡല്‍ഹി: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ മീരാഭായ് ചാനുവിന് പോലീസ് പദവി നല്‍കാന്‍ തീരുമാനിച്ച്‌ മണിപ്പൂര്‍ സര്‍ക്കാര്‍. താരത്തെ അഡീഷണല്‍ സൂപ്രണ്ടായി ഉടന്‍ നിയമിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് അറിയിച്ചു.

ചാനുവിന് പാരിതോഷികമായി ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മണിപ്പൂര്‍ പോലീസില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ടോക്കിയോ ഒളിമ്ബിക്‌സില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ജൂഡോ വിഭാഗത്തില്‍ പങ്കെടുത്ത സുശീല ദേവിയ്‌ക്ക് സ്ഥാനക്കയറ്റം നല്‍കുമെന്നും ബീരേന്‍ സിംഗ് പറഞ്ഞു.

മണിപ്പൂര്‍ പോലീസ് കോണ്‍സ്റ്റബിളായ സുശീല ദേവിയ്‌ക്ക് സബ് ഇന്‍സ്‌പെക്ടര്‍ പദവി നല്‍കും. ഇത് കൂടാതെ 25 ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒളിമ്ബിക്‌സ് ജൂഡോയില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സുശീല ദേവി പ്രീ ക്വാട്ടറിലാണ് പുറത്തായത്.

ഹംഗേറിയന്‍ താരം ഇവാ സെര്‍നോവിസ്‌കിയോടാണ് സുശീല പരാജയപ്പെട്ടത്. ഒളിമ്ബിക്‌സില്‍ ജൂഡോ വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യത്തെ പ്രതിനിധി കൂടിയായിരുന്നു സുശീല ദേവി. ടോക്യോ ഒളിമ്ബിക്സ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി ചരിത്രമെഴുതിയ മീരാഭായ് ഇന്ത്യയിലെത്തി.

ഇന്നലെ വൈകീട്ടോടെയാണ് താരം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. മെഡല്‍ സ്വന്തമാക്കി രാജ്യത്തെത്തിയ താരത്തിന് വന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ ഉള്‍പ്പെടെ നല്‍കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്.

പി.വി.സിന്ധുവിന് ശേഷം ഒളിമ്ബിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതകൂടിയാണ് ചാനു. 2000ലെ സിഡ്നി ഒളിമ്ബിക്സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വാഹനത്തില്‍ ഒളിമ്ബിക് മെഡല്‍ സ്വന്തമാക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top