Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

'പച്ചക്കള്ളം'; അമേരിക്കയുമായി ഹോര്‍മുസ് കരാറുണ്ടാക്കിയെന്ന ഇറാന്റെ അവകാശവാദം തള്ളി യുഎസ്

Sathyam Online 1 month ago

ടെഹ്‌റാന്‍: യുഎസുമായി ഉണ്ടാക്കിയ പ്രാഥമിക കരാര്‍ വ്യവസ്ഥകള്‍ പ്രകാരം തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഒരു മാസത്തിനകം സാധാരണ നിലയിലാകുമെന്ന ഇറാന്റെ അവകാശവാദം പൂര്‍ണ്ണമായി തള്ളി അമേരിക്ക.


ഈ മേഖലയില്‍ നിന്നുള്ള യുഎസ് സൈന്യത്തിന്റെ പിന്മാറ്റവും ഉപരോധം നീക്കലും ഉള്‍പ്പെടുന്ന ധാരണാപത്രത്തിന്റെ കരട് തയ്യാറായെന്നായിരുന്നു ഇറാന്റെ പ്രചാരണം. എന്നാല്‍ ഇത് വെറും കെട്ടിച്ചമച്ച കഥയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.


ഇറാന്‍ ഔദ്യോഗിക ടെലിവിഷനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായെന്ന് അവകാശപ്പെടുന്ന കരട് രേഖ പുറത്തുവിട്ടത്.

ഇസ്ലാമിക് റിപ്പബ്ലിക്കിന് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കും. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇറാന്‍ അനുമതി നല്‍കും. എന്നാല്‍ ഇതിന്മേലുള്ള പരിശോധനാധികാരവും സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള അവകാശവും ഇറാന് തന്നെയായിരിക്കും. സൈനിക കപ്പലുകള്‍ക്ക് ഈ ഇളവുകള്‍ ബാധകമായിരിക്കില്ല.

ഈ പ്രാഥമിക കരാറിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ 60 ദിവസത്തെ ചര്‍ച്ചകള്‍ കൂടി നടക്കും. ഇതിലൂടെ ഉണ്ടാകുന്ന അന്തിമ കരാറിന് യുഎന്‍ രക്ഷാസമിതിയുടെ അംഗീകാരം വാങ്ങും.

പ്രദേശത്തുനിന്നുള്ള യുഎസ് സൈനിക പിന്മാറ്റത്തെക്കുറിച്ചും ഇറാന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇറാന്‍ മാധ്യമങ്ങളുടെ ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ കടുത്ത ഭാഷയിലാണ് അമേരിക്ക പ്രതികരിച്ചത്.


'ഇറാന്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് തികച്ചും വ്യാജമാണ്. അവര്‍ പുറത്തുവിട്ട ധാരണാപത്രം പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണ്. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ ആരും വിശ്വസിക്കരുത്. വസ്തുതകള്‍ക്കാണ് പ്രാധാന്യം.- വൈറ്റ് ഹൗസ് എക്‌സില്‍ കുറിച്ചു.


നയതന്ത്ര ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷം തുടരുകയാണ്. ചൊവ്വാഴ്ച തെക്കന്‍ ഇറാനിലെ മിസൈല്‍ കേന്ദ്രങ്ങള്‍ക്ക് നേരെയും മൈനുകള്‍ നിക്ഷേപിക്കാന്‍ ശ്രമിച്ച ഇറാന്റെ ബോട്ടുകള്‍ക്ക് നേരെയും യുഎസ് സൈന്യം കടുത്ത ആക്രമണം നടത്തിയിരുന്നു.

ഇതിന് പിന്നാലെ, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കുന്നതിനായി യുഎസിന് കൈമാറണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.

ഏപ്രിലില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ യുഎസ് ലംഘിച്ചുവെന്ന് ഇറാന്‍ ആരോപിക്കുന്നുണ്ടെങ്കിലും, ഇരുരാജ്യങ്ങളും തമ്മില്‍ ഒരു പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് ബുധനാഴ്ച ഇറാന്‍ വ്യക്തമാക്കിയത്. നിലവില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online