
ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ 125 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര പ്രാദേശിക വ്യവസായി തകര്‍ത്ത സംഭവം വന്‍ വിവാദമാകുന്നു.
ലാഹോറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഫാറൂഖാബാദിലെ 'ഗുരുദ്വാര ശ്രീ ഗുരു സിങ് സഭ സാഹിബ്' ആണ് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി പത്രം പോലുമില്ലാതെ ജൂണ്‍ 24-ന് രാത്രിയോടെ ഇടിച്ചുനിരത്തിയത്.
സിഖ് സമൂഹത്തിന്റെ പവിത്രമായ ആരാധനാലയത്തിന് നേരെ നടന്ന ഈ അതിക്രമത്തെ 'അങ്ങേയറ്റം അപലപനീയവും ആസൂത്രിതവുമായ അക്രമം' എന്ന് വിശേഷിപ്പിച്ച ഇന്ത്യ, സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പാകിസ്താനില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ നടക്കുന്ന തുടര്‍ച്ചയായ അക്രമങ്ങളില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ കടുത്ത ആശങ്ക അറിയിച്ചു.
സംഭവത്തെക്കുറിച്ച് പാക് സര്‍ക്കാര്‍ അടിയന്തിരമായി അന്വേഷണം നടത്തണമെന്നും തകര്‍ക്കപ്പെട്ട ഗുരുദ്വാരയുടെ ഭാഗങ്ങള്‍ എത്രയും വേഗം പുനര്‍നിര്‍മിച്ച് നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്താനില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പാക് ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും ഇന്ത്യ ഓര്‍മ്മിപ്പിച്ചു.
സംഭവത്തില്‍ പാകിസ്താനിലെ സിഖ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് വിഷയത്തില്‍ ഇടപെട്ടു. ഇതിന്റെ ഭാഗമായി പഞ്ചാബ് ന്യൂനപക്ഷ ക്ഷേമ മന്ത്രി രമേശ് സിങ് അറോറ ബുധനാഴ്ച സ്ഥലം സന്ദര്‍ശിക്കുകയും ഗുരുദ്വാര ഉടനടി പുനര്‍നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ആരാധനാലയങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി ബാധ്യസ്ഥമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഔഖാഫ് വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ 80 വര്‍ഷമായി ഈ കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്നും ഇവിടെ നിരവധി കുടുംബങ്ങളും കടകളും നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രാദേശിക വ്യാപാരികള്‍ പുനര്‍നിര്‍മാണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഈ പ്രദേശം ഒഴിപ്പിക്കുന്നത് പല കുടുംബങ്ങളുടെയും ഉപജീവനത്തെ ബാധിക്കുമെന്നും അതിനാല്‍ ഇവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കണമെന്നും വ്യാപാരികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
