Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഫാ. തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപത സഹായ മെത്രാൻ

Sathyam Online 1 week ago

കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹയാ മെത്രാനായി പ്രോ-പ്രോട്ടോ സിഞ്ചെലുസ് ഫാ. തോമസ് ആനിമൂട്ടിലിനെ (64) മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ നിയമിച്ചു.

ആഗസ്റ്റ് 17ന് ആരംഭിച്ച സീറോ മലബാർ സഭയുടെ 34-ാം മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തോടനുബന്ധിച്ച്‌ വ്യാഴാഴ്ച നടന്ന പൊതുസമ്മേളനത്തില്‍ വച്ചാണ് ഇതുസംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്. ഇതോടെപ്പം ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12ന് വത്തിക്കാനിലും നിയമന ഉത്തരവ് വായിച്ചു.

തുടർന്ന് മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍, കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് , സഹായ മെത്രാൻമാരായ മാർ ജോസഫ് പണ്ടാരശേരില്‍, ഗീവർഗീസ് മാർ അപ്രേം, മറ്റ് സിനഡ് പിതാക്കൻമാർ എന്നിവർ പുതിയ ബിഷപ്പിനെ അനുമോദിച്ചു. മാർ റാഫേല്‍ തട്ടിലും മാർ മാത്യു മൂലക്കാട്ടും ചേർന്ന് സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ചു

1962 ജനുവരി 13 ന് ജനിച്ച ഫാ. തോമസ്, പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1978 ജൂണ്‍ 24 നു കോട്ടയം രൂപത മൈനർ സെമിനാരിയില്‍ ചേർന്ന് വൈദികപരിശീലനം ആരംഭിച്ചു.

തുടർന്ന് മാംഗ്ലൂർ സെന്റ് ജോസഫ് മേജർ സെമിനാരിയില്‍ നിന്നും വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം 1989 ഏപ്രില്‍ 13-ന് മാർ കുര്യാക്കോസ് കുന്നശേരി പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു.

തുടർന്ന് പുളിഞ്ഞാല്‍ പള്ളി വികാർ ഇൻചാർജായി നിയമിക്കപ്പെട്ടു. അതിനുശേഷം റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയില്‍നിന്ന് കാനൻ നിയമത്തില്‍ ലൈസൻഷ്യേറ്റ് നേടി. പിന്നീട് മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായും ചാൻസിലറായും പ്രവർത്തിച്ചു.

1998-ല്‍ കണ്ണൂർ ബറുമറിയം പാസ്റ്ററല്‍ സെന്റർ ഡയറക്ടറായും മലബാർ റീജിയൻ പ്രൊക്കുറേറ്ററായും സേവനം ചെയ്ത ശേഷം 2002-ല്‍ അമേരിക്കയിലെ കാലിഫോണിയയിലുള്ള യു.സി.എല്‍.എ യൂണിവേഴ്സിറ്റിയില്‍നിന്നും ചാപ്ളയൻസിയില്‍ ഡിപ്ളോമ സമ്പാദിച്ചു.

ലോസാഞ്ചല്‍സ്, ന്യൂയോർക്ക്, ന്യൂജേഴ്സി എന്നീ ക്നാനായ മിഷനുകളുടെ ഡയറക്ടറായും കെ.സി.സി.എൻ.എ സ്പിരിച്വല്‍ അഡ്വൈസറായും ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. 2008-ല്‍ കാരിത്താസ് ആശുപത്രിയുടെ ഫിനാൻസ് ഡയറക്ടറായി ചാർജെടുത്തു.

ആറുമാസത്തിനുശേഷം കാരിത്താസിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു. 10 വർഷം ഡയറക്ടറായി സേവനംചെയ്ത കാലയളവ് കാരിത്താസിന്റെ വളർച്ചയുടെ പ്രധാന നാഴികക്കല്ലായിരുന്നു. തുടർന്ന് ഉഴവൂർ ഫൊറോന പള്ളിവികാരിയായി അഞ്ചു വർഷവും കടുത്തുരുത്തി ഫൊറോന പള്ളി വികാരിയായി ഒൻപതുമാസവും സേവനമനുഷ്ഠിച്ചു.

2025 ഫെബ്രുവരി മുതല്‍ അതിരൂപതയുടെ പ്രോ-പ്രോട്ടോ സിഞ്ചെലുസായി പ്രവർത്തിച്ചുവരികയാണ്. അതിരൂപത വിവാഹ കോടതി ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ധന്യൻ മാർ മാക്കില്‍ പിതാവിൻറെയും ദൈവദാസൻ പൂതത്തില്‍ തൊമ്മിയച്ചന്റേയും പ്രമോട്ടർ ഓഫ് ജസ്റ്റീസായും പ്രവർത്തിക്കുന്നു. 9 വർഷം അതിരൂപത വൈദികസമിതി സെക്രട്ടറിയായിരുന്നു.

നിലവില്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയാണ്. പയ്യാവൂർ ടൗണ്‍ പള്ളി ഇടവക ആനിമൂട്ടില്‍ പരേതരായ ജോസഫ്-ഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഏലിയാമ്മ പുന്നച്ചൻ പുന്നോടത്ത് (റിട്ട. അധ്യാപി ക), ചാക്കോ തിരൂർ, പരേതനായ ഫിലിപ്പ്, മാത്യു, ബേബി, ലൈസമ്മ ജോസഫ് കീഴേട്ടുകുന്നേല്‍ (വാതില്‍മട).

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online