Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഫിഫ ലോകകപ്പിന്റെ നിറവില്‍ ന്യൂജേഴ്സി

Sathyam Online 3 days ago

രണ്ടായിരത്തി ഒന്ന് സെപ്റ്റംബര്‍ പതിനൊന്നിനു അമേരിക്കയില്‍ നടന്ന ലോകത്തിലെതന്നെ ആദ്യ ഭീകരാക്രമണത്തിന് ശേഷം ഞാന്‍ രണ്ടു തവണ ന്യൂർക്ക് നഗരത്തില്‍ എത്തിയിരുന്നു.

നയന്‍ എലെവന്‍ (9/11) എന്ന് പരക്കെ വിളിച്ചിരുന്ന ഭീകരാക്രമണം നടന്നിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ഇന്നും അമേരിക്കയില്‍ വന്നിറങ്ങുന്ന ഏതൊരു യാത്രക്കാരന്‍റെ മനസ്സിലും ആ കറുത്ത ദിനത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കാതിരിക്കാനാവില്ല.

(ന്യൂജേഴ്സിയിലെ ഫിഫ ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയം)

ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ മനോഹരമായ സ്റ്റേഡിയത്തില്‍ ഫിഫ ഫൈനലല്‍ മത്സരം ആവേശത്തിനും ഐക്യത്തിനും സാക്ഷ്യം വഹിക്കാൻ ഞാൻ അമേരിക്കൻ മണ്ണില്‍ എത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദത്തെ ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഫുട്ബോള്‍ പ്രേമികള്‍ ഒത്തുകൂടിയിരിക്കുന്ന കാഴ്ച വിവരണാതീതമാണ്.

അവരുടെ ആർപ്പുവിളികള്‍, ആവേശങ്ങള്‍, പതാകകള്‍, ജെസ്‌സികള്‍, അർജന്റീനയുടെയും സ്പെയ്നിന്റെയും ആരാധകരാല്‍ ഈ നഗരം തിങ്ങിനിറഞ്ഞിരിക്കുന്നു.

2026-ലെ ഫിഫ ഫൈനല്‍ വിജയികളായ സ്പെയിൻ ടീം

കാണികളെ സന്തോഷിപ്പിക്കാനായി അമേരിക്കയിലുടനീളം എല്ലാ പ്രധാന ക്ലബുകളിലും ബിഗ് സ്ക്രീൻ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. അവസാന നിമിഷം ടിക്കറ്റിനായി പരക്കം പായുന്നവർ, ഓണ്‍ലൈൻ ടിക്കറ്റ് ലഭ്യമാവാത്തതോടെ നീണ്ട ക്യൂവില്‍ നില്‍കുന്നെങ്കിലും ചിലർ നിരാശയോടെ ബിഗ് സ്‌ക്രീനില്‍ അഭയം തേടുന്നു.

ഫൈനല്‍ മത്സര ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് പതിനായിരം ഡോളർ കടന്നിരുന്നു. എത്ര വിലകൊടുത്തും തങ്ങളുടെ ആരാധ്യരായ കളിക്കാരെ നേരില്‍ കാണാൻ അവർ ആഗ്രഹിച്ചതിന്റെ ഏറ്റവും മുന്തിയ ആവേശമാണ് ഇന്ന് ഈ നഗരം സാക്ഷ്യം വഹിക്കുന്നത്.

ഫുട്‌ബോള്‍ കായികപ്രേമികളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരികള്‍ നമ്മെ ഓർമ്മിപ്പിക്കുന്നത് അതിരുകള്‍, മതങ്ങള്‍, സംസ്കാരങ്ങള്‍ എന്നിവയ്ക്ക് അതീതമായി ആളുകളെ ഒന്നിപ്പിക്കാൻ സ്പോർട്സിന് അതുല്യമായ ശക്തിയുണ്ടെന്നാണ്.

അതുകൊണ്ടാണല്ലോ എന്റെ കൊച്ചു കേരളത്തില്‍ പാതിരാവില്‍ നടക്കുന്ന കളികാണാൻ സ്കൂളുകള്‍ക്ക് സർക്കാർ അവധി നല്‍കിയത്.

ഭയത്തില്‍ നിന്ന് ആഘോഷത്തിലേക്ക്:

എന്നാല്‍ ന്യൂയോർക്ക് നഗരത്തിലേക്ക് നോക്കുമ്പോള്‍ എന്റെ മനസ്സ് ആധുനിക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിവസങ്ങളിലൊന്നിലേക്ക് ഊളിയിടുന്നുണ്ട്. 9/11 ഭീകരാക്രമണം നടന്ന ദിവസം ഞാൻ കുവൈറ്റില്‍ ആയിരുന്നു. പത്തൊന്‍പതു ഭീകരര്‍ നാല് യാത്രാ വിമാനങ്ങള്‍ തട്ടിയെടുത്തുകൊണ്ടായിരുന്നു ആക്രമണം ആസൂത്രണം ചെയ്തിരുന്നത്.

ന്യൂയോർക്കിലെ ഇരട്ട ഗോപുരങ്ങള്‍ കത്തിയമരുന്ന ദൃശ്യം

രണ്ടുവിമാനങ്ങള്‍ ഇടിച്ചിറക്കിയത് ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ 'വേള്‍ഡ് ട്രേഡ് സെന്‍ററിലായിരുന്നു'. നൂറ്റിപത്തു നിലകളുള്ള ആ ഇരട്ട ഗോപുരം പാടെ കത്തിചാമ്പലായത് നിമിഷങ്ങള്‍കൊണ്ടായിരുന്നു.

അതിന്റെ നടുക്കുന്ന ചിത്രങ്ങള്‍ ഇന്നും മനസ്സില്‍നിന്നും മായുന്നില്ല. ആ ഭയാനകമായ ചിത്രത്തില്‍നിന്നും തിമിർത്താടുന്ന ആഘോഷത്തിന്റെ മറ്റൊരു ചിത്രത്തിലേക്കുള്ള യാത്രക്കാരനായത് തികച്ചും യാദൃശ്ചികം മാത്രം.

മൂന്നാമത്തെ വിമാനം വാഷിംഗ്‌ടണ്ണിലെ പെന്റഗണിലും നാലാമത്തേത് പെന്‍സില്‍വാനിയയിലും ഇടിചിറക്കികൊണ്ടായിരുന്നു ആക്രമണരീതി.

ഏകദേശം മൂവായിരം മനുഷ്യര്‍ ഒറ്റയടിക്ക് മരിച്ചുവീണ ആ ഭീകരാക്രമണം 'അല്‍ഖായിത' എന്ന ഭീകര സംഘടനയുടെതായി മുദ്ര കുത്തുകയും അന്നുമുതല്‍ മുസ്ലിം തീവ്രവാദികള്‍ക്കുനേരെ തുറന്ന യുദ്ധത്തിനു അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ല്യു ബുഷ് ആഹ്വാനം ചെയ്യുകയും ചെയ്തു.

അതെ വരെ സ്വതന്ത്രയായി ജീവിച്ച മനുഷ്യരുടെ ജീവിതത്തില്‍ ഭയത്തിന്റെ വിത്തുകള്‍ പാകിയ ദിവസമായിരുന്നു ആ കരിദിനം.

എന്റെ ആദ്യ അമേരിക്കൻ യാത്ര

1983-ല്‍ ഞാന്‍ ആദ്യമായി ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ അന്ന് എന്നെ സ്വീകരിക്കാന്‍ വിമാനത്തിന്റെ പടിവാതില്‍ക്കല്‍വരെ എത്തിയത് അന്നത്തെ മാതൃഭൂമി ലേഖകൻ മധു നായര്‍ ആയിരുന്നു.

എന്റെ സുഹൃത്തായ ആ എഴുത്തുകാരനോട്‌ ഞാന്‍ ആദ്യം തിരക്കിയത് ഒന്നുമാത്രം, 'നിങ്ങള്‍ക്ക് എങ്ങനെ വിമാനത്തിന്‍റെ വാതിലില്‍വരെ വരാന്‍ കഴിഞ്ഞു, ഐർലൈൻ ഉദ്യോഗസ്ഥർക്കോ എയർപോർട്ട് ജീവനക്കാർക്കോ മാത്രം അനുവദനീയമായ സ്ഥലത്ത് വരൻ അനുമതി കിട്ടിയോ' ? അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, 'ഹസ്സന്‍ ഇതാണ് ഞങ്ങള്‍ അമേരിക്കക്കാര്‍ അനുഭവിക്കുന്ന സ്വാതന്ത്യം'.

ആ വിശാലമായ സ്വാതന്ത്ര്യത്തിന് പൂട്ടിടുകയായിരുന്നു അല്‍ഖയിത എന്ന ഭീകര സംഘടന ചെയ്തത്. 'ഒസാമ ബിന്‍ ലാദന്‍' എന്ന സൌദി പൌരന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്ന് അമേരിക്ക ലോകത്തെ പറഞ്ഞു വിശ്വസിപ്പിച്ചു.

അക്കാലത്ത് ഗള്‍ഫില്‍നടന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിലും, മിഡില്‍ ഈസ്റ്റില്‍ നിലയുറപ്പിച്ച അമേരിക്കന്‍ യുദ്ധ സന്നാഹങ്ങളുടെ ബാഹുല്യവും അമേരിക്ക ഇസ്രയേല്‍ രാഷ്ട്രത്തെ പിന്തുണച്ചതിനോടുള്ള പ്രതികാരവുംമായിട്ടാണ് 9/11-നിലൂടെ ആക്രമണത്തിന് തുടക്കം കുറിച്ചത്.

അന്നുമുതല്‍ അമേരിക്ക സുരക്ഷയുടെ മാനദണ്ഡങ്ങള്‍ മാറ്റിയെഴുതാൻ തുടങ്ങി. ബുഷ്‌ രണ്ടാമനും, ബില്‍ക്ലിന്‍ടനും, ഒബാമയും, ട്രമ്പും (ഒന്നാം തവണയും) ജോ ബൈഡനും, പ്രസിഡണ്ടുമാരായി വന്നുപോയി. ഇപ്പോഴിതാ ട്രംപിന്റെ രണ്ടാമൂഴത്തില്‍ ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നയത്തോടെ അമേരിക്ക മുന്നോട്ട് പോവുന്നു.

ന്യൂയോർക്കിന്റെ മേയർ

അമേരിക്കയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നത് ജൂത സമൂഹമാണ്‌. ഇവിടത്തെ സമ്പത്ത്ഘടനയുടെ ആണിക്കല്ലായ ജൂതന്മാര്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ എല്ലാ ഭരണകൂടങ്ങളും മടികാണികാറില്ല.

അവിടെയാണ് വെല്ലുവിളികളെ മറികടന്ന് ഒരു സോഷ്യലിസ്റ് സ്ഥാനാർത്ഥി അമേരിക്കൻ സാമ്പത്തിക സിറ്റിയുടെ മേയറായത്. മേയർ സൊഹ്‌റാൻ ക്വാമെ മംദാനിയുടെ നേതൃത്വം ഈ മഹാ നഗരത്തെ ഇലക്ഷൻ സമയത്ത് ഊതിവീർപ്പിച്ചപോലെ വലിയ മാറ്റങ്ങള്‍ക്കൊന്നും വിധേയമായിട്ടില്ലന്നാണ് എന്റെ നിരീക്ഷണം.

(ന്യൂയോർക് മേയറായി സൊഹ്‌റാൻ മാംദാനി സത്യപ്രതിജ്ഞ ചെയ്യുന്നു)

ന്യൂയോർക്ക് എന്ന മഹാനഗരം അദ്ദേഹത്തിന് മുമ്പുള്ള പല മേയർമാരെ പോലെ, അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനം മാത്രമല്ല, ലോകത്തിലെ ഏറ്റവും വൈവിധ്യപൂർണ്ണവും സ്വാധീനമുള്ളതുമായ നഗര കേന്ദ്രങ്ങളിലൊന്നിനെയാണ് മാംദാനി ഭരിക്കുന്നത്.

അമേരിക്കൻ രാഷ്ട്രീയ നേതൃത്വത്തിന്റെ പുതിയ തലമുറയെ പ്രതിനിധീകരിക്കുന്ന അദ്ദേഹം, താങ്ങാനാവുന്ന വിലയിലുള്ള ഭവന നിർമ്മാണം, മെച്ചപ്പെട്ട പൊതുഗതാഗതം, വികസിപ്പിച്ച ശിശു സംരക്ഷണം, കാലാവസ്ഥാ പ്രതിരോധം, സാമൂഹിക നീതി എന്നിവയ്ക്ക് ഊന്നല്‍ നല്‍കൊണ്ടാണ് ഭരണമാരംഭിച്ചത്.

യുവത്വത്തിന്റെ എടുത്തുചാട്ടം പുതിയ ഭരണാധികാരിയില്‍ ഉണ്ടാവുന്നത് സ്വാഭാവികം മാത്രം. പക്ഷെ പാരമ്പര്യ ഭരണ വ്യവസ്ഥയെ പാടെ മാറ്റിമറിക്കാൻ ഒരു ഭരണാധികാരിക്കും പൊടുന്നനെ സാധിക്കില്ല.

അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ ചർച്ചയാവുന്നത്, അതിലൊന്നാണ് 'ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്ക് നഗരം സന്ദർശിക്കുകയാണെങ്കില്‍ ഉണ്ടാകാവുന്ന നിയമപരമായ അധികാരം താൻ അന്വേഷിക്കുകയാണെന്ന് അടുത്തിടെ പ്രസ്താവിച്ചത്'

അദ്ദേഹത്തിന്റെ ഇത്തരം അഭിപ്രായങ്ങള്‍ അമേരിക്കയില്‍ കാര്യമായ രാഷ്ട്രീയ ചർച്ചകള്‍ക്ക് കാരണമായി, പിന്തുണക്കാരും വിമർശകരും ശക്തമായി പ്രതികരിച്ചു.

ഇതേ അവസ്ഥയാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയും നേരിടുന്നത്. കാലത്തിന്നനുയോജ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാൻ അവരുടെ അഗാധമായ അറിവും യുവത്വവും തയ്യാറാവുമ്പോള്‍ പാരമ്പര്യത്തിലൂന്നിയ ഒരു ഭരണക്രമത്തെ അത് സ്വാതീനിക്കാതെ പോവുന്നു.

-ഹസ്സൻ തിക്കോടി(hassanbatha@gmail.com from Charlollte NC USA)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online