
കോട്ടയം: ഫുട്ബോള്‍ ലോകകപ്പ് ഇങ്ങെത്തി, ഇഷ്ട ടീമുകളുട ഫ്‌ളക്സ് ബോര്‍ഡുകള്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
മത്സരിച്ചാണ് ഓരോരുത്തരും ഫ്‌ളക്സ് വെക്കുന്നത്. അര്‍ജന്റീനയ്ക്കും ബ്രസീലിനും ആണ് കൂടുതല്‍ കേരളത്തില്‍ കൂടുതല്‍ ആരാധകര്‍.
ജേഴ്സി വിപണിയും ഉണർവിലാണ്. കുറഞ്ഞ വിലയിലുള്ള ജേഴ്സികളുടെ വില്പനയാണ് സജീവമായിരുന്നത്. ബ്രാന്‍ഡഡ് ജേഴ്സികള്‍ക്ക് 3,000 മുതല്‍ 7,000 രൂപ വരെ വിലവരും. എന്നാല്‍ പ്രാദേശികമായി നിര്‍മിക്കുന്ന ഗുണമേന്മ കുറഞ്ഞ ജേഴ്‌സികള്‍ക്ക് 200 മുതല്‍ 800 രൂപയ്ക്ക് വരെ ലഭ്യമാണ്.
കേരളത്തില്‍ വിറ്റഴിക്കുന്നതില്‍ 70 ശതമാനത്തിലേറെയും ഇത്തരം ഗുണമേന്മ കുറഞ്ഞ ജേഴ്‌സികളാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൂടുതലായും ജേഴ്‌സികള്‍ എത്തുന്നത്.
മുന്‍പ് ആരാധകര്‍ പ്രധാനമായും പ്രാദേശിക കടകളെ ആശ്രയിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ വലിയൊരു പങ്ക് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് വാങ്ങുന്നത്. ഇതുമൂലം കേരളത്തിലെ ചെറുകിട സ്‌പോര്‍ട്സ് കടകള്‍ക്ക് മത്സരവും വര്‍ധിച്ചിട്ടുണ്ട്.
അതേസമയം, പേര് പ്രിന്റ് ചെയ്ത ജേഴ്സികള്‍, കസ്റ്റം ഡിസൈനുകള്‍, ആരാധക ക്ലബ്ബുകള്‍ക്കായുള്ള ബള്‍ക്ക് ഓര്‍ഡറുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രാദേശിക വ്യാപാരികള്‍ക്ക് ഇപ്പോഴും മേല്‍ക്കൈയുണ്ട്.
മെസിയുടെയും നെയ്മറിന്റെയും പേരിലുള്ള ജേഴ്സികള്‍ക്കും പതാകകള്‍ക്കുമാണ് കൂടുതല്‍ ഡിമാന്‍ഡ്. റൊണാള്‍ഡോയുടെ ജേഴ്സിക്കും വലിയ ഡിമാൻഡ് ഉണ്ട്.
മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് ആവേശം ഇതുവരെ ദൃശ്യമല്ലെന്നും വില്പന മന്ദഗതിയിലാണെന്നും കട ഉടമകള്‍ പറയുന്നു. വരും ദിവസങ്ങളില്‍ വില്‍പ്പന കുതിച്ചു കയറുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ടര്‍ഫ് ഫുട്ബോള്‍ സംസ്‌കാരവും സ്‌പോര്‍ട്‌സ് വിപണിക്ക് അനുകൂല ഘടകമാണ്. ലോകകപ്പ് അടുത്തെത്തുമ്പോള്‍ കൂടുതല്‍ പേര്‍ ഫുട്ബോള്‍ കളിയിലേക്ക് തിരിയുന്നത് സ്‌പോര്‍ട്സ് ഉപകരണങ്ങളുടെ വില്‍പന വര്‍ധിക്കാന്‍ ഇടയാക്കാറുണ്ട്. കേരളത്തിലെ ഫുട്‌ബോള്‍ ടര്‍ഫുകളില്‍ കൂടുതല്‍ ടൂര്‍ണമെന്റുകള്‍ നടക്കുന്നതും ലോകകപ്പ് സമയത്താണ്.
