
പ്ലസ് വണ്‍ പ്രവേശനത്തിനായി ഏകജാലകം സംവിധാനം വഴി അപേക്ഷിക്കേണ്ട സമയമാണിത്. എസ്.എസ്.എല്‍.സി, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്ട്രീമുകളില്‍ റെഗുലർ പഠന സമ്പ്രദായത്തിലൂടെ അപേക്ഷിക്കാം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും പത്താം ക്ലാസ് പാസായവർക്ക് ഈ സംവിധാനത്തിലൂടെ അപേക്ഷിക്കാം. മറ്റു ബോർഡുകള്‍ മുഖേന പരീക്ഷ പാസായവർ അപേക്ഷയ്ക്ക് ഒപ്പം മൈഗ്രേഷൻ സർട്ടിഫിക്കറ്റും സമർപ്പിക്കണം.
അപേക്ഷ പൂർണ്ണമായും ഓണ്‍ലൈനാണ് സമർപ്പിക്കേണ്ടത്. അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാം ചെയ്യേണ്ടത് ക്യാന്റിഡേറ്റ് ലോഗിൻ വഴിയാണ്. ലോഗിൻ തയ്യാറാക്കുമ്പോള്‍ ശ്രദ്ധയോടെ വിവരങ്ങള്‍ നല്‍കണം. അപേക്ഷ 'others' വിഭാഗത്തില്‍ സമർപ്പിക്കുന്നവർ തുല്യതാ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ഭിന്നശേഷിക്കാർ മെഡിക്കല്‍ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം.
ഒരു ജില്ലയില്‍ നിന്ന് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാവൂ. എയ്ഡഡ് സ്കൂളുകളില്‍ കമ്യൂണിറ്റി കോട്ട, മാനേജ്മെന്റ് കോട്ട പ്രവേശനങ്ങള്‍ക്കായി പ്രത്യേകം അപേക്ഷിക്കണം. ജാതി തെളിയിക്കാനായി എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റിലെ വിവരങ്ങള്‍ മതിയാവും.
സ്കൂള്‍ കോഡും കോമ്പിനേഷൻ കോഡും ചേർന്നതാണ് ഒരു ഓപ്ഷൻ. വിദ്യാർത്ഥികള്‍ ചേരാൻ ആഗ്രഹിക്കുന്ന സ്കൂളുകളുടെ കോമ്പിനേഷൻ മുൻഗണനാ ക്രമത്തില്‍ നല്‍കണം. അപേക്ഷയില്‍ നല്‍കുന്ന ഫോണ്‍ നമ്പർ നിലവില്‍ പ്രവർത്തനസജ്ജമായിരിക്കണം.
മൂന്ന് അലോട്ട്മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്മെന്റുമാണ് ഉണ്ടായിരിക്കുക. മൂന്നാമത്തെ അലോട്ട്മെന്റില്‍ നിർബന്ധമായും പ്രവേശനം നേടിയിരിക്കണം. സ്ഥിര പ്രവേശന സമയത്ത് ഒറിജിനല്‍ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. ആകെ 45 കോമ്പിനേഷനുകളാണ് ഓപ്ഷനിലുള്ളത്. ജൂണ്‍ 3നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
