Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പ്രഭാതഭക്ഷണ വിരുന്നില്‍ രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ; കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാര്‍

Sathyam Online 4 months ago

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ നാടകീയമായ ഒരു അധ്യായത്തിന് ശുഭപര്യവസാനം. താന്‍ കര്‍ണാടക മുഖ്യമന്ത്രി പദം രാജിവെക്കുകയാണെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ വ്യാഴാഴ്ച രാവിലെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.


തന്റെ പിന്‍ഗാമിയായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അധികാരമേല്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ മൂന്ന് വര്‍ഷത്തോളമായി ഇരുനേതാക്കളും തമ്മില്‍ നിലനിന്നിരുന്ന കടുത്ത ആഭ്യന്തര തര്‍ക്കങ്ങള്‍ക്കാണ് വിരാമമായത്.


തന്റെ ഔദ്യോഗിക വസതിയില്‍ വെച്ച്‌ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന മന്ത്രിമാര്‍ക്കായി ഒരുക്കിയ പ്രഭാതഭക്ഷണ വിരുന്നിലാണ് സിദ്ധരാമയ്യ തന്റെ തീരുമാനം പ്രഖ്യാപിച്ചത്.

'അടുത്ത മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിന്റെ പേര് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു... ഞാന്‍ ഈ തീരുമാനത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു.' സിദ്ധരാമയ്യ കുറിച്ചു.

നേതൃമാറ്റത്തിന് പിന്നാലെ പ്രതിപക്ഷമായ ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയുള്ള കടുത്ത വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം തന്ത്രപരമായ നീക്കം നടത്തി. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പരസ്പരം കെട്ടിപ്പിടിക്കുന്നതും ഒന്നിച്ച്‌ ഇരിക്കുന്നതുമായ ചിത്രങ്ങള്‍ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ പാര്‍ട്ടി പുറത്തുവിട്ടു.


'അന്നും ഇന്നും എപ്പോഴും... ഒത്തൊരുമയാണ് നമ്മുടെ കരുത്ത്! ജനസേവനമാണ് ഞങ്ങളുടെ ശാശ്വതമായ പ്രതിബദ്ധത' എന്ന സന്ദേശത്തോടെയാണ് ചിത്രം പങ്കുവെച്ചത്. സിദ്ധരാമയ്യയുടെ രാജി വാര്‍ത്ത പുറത്തുവന്നതോടെ ബംഗളൂരുവിലെ ഡി.കെ. ശിവകുമാറിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ നൂറുകണക്കിന് അനുയായികള്‍ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷങ്ങള്‍ ആരംഭിച്ചു.


കഴിഞ്ഞ 48 മണിക്കൂറായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി നടത്തിയ അതിരഹസ്യ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ അധികാര കൈമാറ്റം സാധ്യമായത്. പദവി ഒഴിഞ്ഞുകൊടുക്കുന്നതിന് പകരമായി സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും അതോടൊപ്പം ദേശീയ രാഷ്ട്രീയത്തില്‍ വലിയൊരു പദവിയും ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

തിങ്കള്‍, ചൊവ്വാ ദിവസങ്ങളിലായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുമായി സിദ്ധരാമയ്യയും ശിവകുമാറും വെവ്വേറെയും സംയുക്തമായും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online