Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പ്രധാനമന്ത്രി മോദിയുടെ 12 വര്‍ഷത്തെ ഭരണം; ഇന്ത്യ ആഗോള ടെക് പങ്കാളിയായി മാറിയെന്ന് അശ്വിനി വൈഷ്ണവ്; യു.എസിലേക്കും ചൈനയിലേക്കും ഇലക്‌ട്രോണിക്സ് കയറ്റുമതി

Sathyam Online 1 week ago

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 12 വര്‍ഷത്തെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യ ആഗോളതലത്തില്‍ വിശ്വസനീയമായ ഒരു സാങ്കേതിക മൂല്യ ശൃംഖലയായി മാറിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.

മുന്‍പ് സ്മാര്‍ട്ട്ഫോണുകള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് അമേരിക്കയിലേക്കും ചൈനയിലേക്കും വരെ ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് ഉയര്‍ന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.


ഇന്ത്യയില്‍ അര്‍ദ്ധചാലക ഉല്‍പ്പാദനത്തിനായി ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവരുടെ കാലഘട്ടങ്ങളില്‍ വരെ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും, മോദി സര്‍ക്കാരിന്റെ കൃത്യമായ പ്ലാനിങ്ങിലൂടെയാണ് ഇതില്‍ 'യഥാര്‍ത്ഥ വിജയം' കൈവരിക്കാനായതെന്ന് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.


'നമ്മള്‍ ഇപ്പോള്‍ ഇലക്‌ട്രോണിക്‌സ് ഘടകങ്ങളുടെ നിര്‍മ്മാണത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 35,000 കോടി രൂപയുടെ ഘടകങ്ങളാണ് നമ്മള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. റെയില്‍വേ പ്രൊപ്പല്‍ഷന്‍ പോലുള്ള സങ്കീര്‍ണ്ണമായ ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യു.എസ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ വിജയകരമായി കയറ്റുമതി ചെയ്തു,' വൈഷ്ണവ് പറഞ്ഞു.

2025-ല്‍ മാത്രം 30 ബില്യണ്‍ യുഎസ് ഡോളറിന്റെ സ്മാര്‍ട്ട്ഫോണുകളാണ് ഇന്ത്യ വിദേശത്തേക്ക് കയറ്റി അയച്ചത്. 2025 കലണ്ടര്‍ വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി വിഭാഗമായി ഇലക്‌ട്രോണിക്‌സ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പരമ്പരാഗതമായി ഡീസല്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയായിരുന്നു ഇന്ത്യയുടെ പ്രധാന കയറ്റുമതി ഇനങ്ങള്‍. എന്നാല്‍ ഇന്ന് ഉയര്‍ന്ന ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനും ശേഷിയുള്ള രാജ്യമായി ആഗോളതലത്തില്‍ ഇന്ത്യ അംഗീകരിക്കപ്പെട്ടിരിക്കുന്നു.


20 വര്‍ഷത്തെ ദീര്‍ഘവീക്ഷണത്തോടെയാണ് മോദി സര്‍ക്കാര്‍ ഇലക്‌ട്രോണിക്‌സ്, സെമികണ്ടക്ടര്‍ മേഖലയെ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്റെ ആദ്യ ഘട്ടത്തില്‍ 48 സ്റ്റാര്‍ട്ടപ്പുകളെ ഈ സാങ്കേതിക മേഖലയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇനി വരാനിരിക്കുന്ന 'ഐ.എസ്.എം 2.0' ദൗത്യത്തില്‍ ചിപ്പ് രൂപകല്‍പ്പനയ്ക്ക് ആയിരിക്കും ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുകയെന്ന് മന്ത്രി അറിയിച്ചു.

സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അത്യാധുനിക യന്ത്രസാമഗ്രികള്‍, സങ്കീര്‍ണ്ണമായ രാസവസ്തുക്കള്‍, വാതകങ്ങള്‍ എന്നിവ ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുന്നതിലായിരിക്കും അടുത്ത ഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടുതല്‍ ചിപ്പ് നിര്‍മ്മാണ പ്ലാന്റുകളും പാക്കേജിംഗ് യൂണിറ്റുകളും രാജ്യത്ത് സ്ഥാപിക്കും.


കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ അര്‍ദ്ധചാലക മേഖലയുമായി ബന്ധപ്പെട്ട് 75,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. 10 വര്‍ഷം കൊണ്ട് 80,000 പേര്‍ക്ക് പരിശീലനം നല്‍കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും 5 വര്‍ഷത്തിനുള്ളില്‍ തന്നെ രാജ്യം ഈ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.


നിലവില്‍ രാജ്യത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്യുന്ന ചിപ്പുകള്‍ മൊഹാലിയിലെ അത്യാധുനിക ലബോറട്ടറിയിലാണ് നിര്‍മ്മിക്കുന്നത്. ലോകത്തിലെ ചുരുക്കം ചില കോളേജുകള്‍ക്ക് മാത്രമാണ് നിലവില്‍ ഇത്തരമൊരു സൗകര്യമുള്ളതെന്നും അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online