
ഹൈദരാബാദ്: കോക്രച്ച് ജനതാ പാര്‍ട്ടി നടത്തുന്ന നീറ്റ് പരീക്ഷാ ചോര്‍ച്ചാ പ്രതിഷേധങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന തരത്തില്‍ വ്യജമായി നിര്‍മ്മിച്ച ദൃശ്യങ്ങളും ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച സംഭവത്തില്‍ മെറ്റാ ഇന്ത്യ തലവനും വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉടമകള്‍ക്കുമെതിരെ ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് കേസെടുത്തു.
തെലങ്കാന ബി.ജെ.പി സോഷ്യല്‍ മീഡിയ വിഭാഗം അംഗമായ ടി. സായികിരണ്‍ ഗൗഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതും ദേശീയ അഖണ്ഡതയ്ക്ക് ഭീഷണിയാകുന്നതുമായ പോസ്റ്റുകളും റീലുകളും ശ്രദ്ധയില്‍പ്പെട്ടതായി പരാതിയില്‍ പറയുന്നു.
20 സോഷ്യല്‍ മീഡിയ ലിങ്കുകള്‍ സഹിതമാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്ത് വിദ്വേഷം പടര്‍ത്താനും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ഇത്തരം ഉള്ളടക്കങ്ങള്‍ വഴിവെക്കുമെന്നും വ്യാജ റീലുകള്‍ അനുവദിച്ചതിന് മെറ്റെയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
ഐ.ടി ആക്റ്റിലെ വിവിധ വകുപ്പുകളും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
