
ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 60,000 കോടി രൂപയുടെ 'പി.എം - സേതു' പദ്ധതിക്ക് കീഴിലുള്ള ആദ്യ അവസരം ആന്ധ്രാപ്രദേശിന് സ്വന്തമായി.
വിശാഖപട്ടണം ഐ.ടി.ഐ ക്ലസ്റ്ററിനായി പ്രമുഖ വ്യവസായ ഗ്രൂപ്പായ 'ആര്‍സെലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍ ഇന്ത്യ' സമര്‍പ്പിച്ച തന്ത്രപ്രധാന നിക്ഷേപ പദ്ധതിക്ക് ദേശീയ സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നല്‍കി.
പ്രധാന്‍ മന്ത്രി സ്‌കില്ലിംഗ് ആന്‍ഡ് എംപ്ലോയബിലിറ്റി ട്രാന്‍സ്ഫോര്‍മേഷന്‍ ത്രൂ അപ്ഗ്രേഡഡ് ഐ.ടി.ഐസ് പദ്ധതിക്ക് കീഴില്‍ രാജ്യത്ത് ആദ്യമായാണ് ഒരു നിക്ഷേപ പദ്ധതിക്ക് അനുമതി ലഭിക്കുന്നത്. ഇതോടെ പദ്ധതിക്ക് കീഴില്‍ ഒരു വ്യവസായ പങ്കാളിത്തം പ്രാവര്‍ത്തികമാക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രാപ്രദേശ് മാറി. കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം വിളിച്ചുചേര്‍ത്ത മൂന്നാമത് ദേശീയ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ ചരിത്രപരമായ അനുമതി നല്‍കിയത്.
പദ്ധതി വിഭാവനം ചെയ്യുന്ന വ്യവസായ അധിഷ്ഠിത 'ഹബ്ബ് ആന്‍ഡ് സ്‌പോക്ക്' മാതൃക യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഇതൊരു നിര്‍ണ്ണായക നാഴികക്കല്ലാണെന്ന് ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
വരും മാസങ്ങളില്‍ കൂടുതല്‍ തന്ത്രപ്രധാന നിക്ഷേപ പദ്ധതികള്‍ക്ക് അനുമതി ലഭിക്കുമെന്നും ഇത് 'വികസിത് ഭാരത് 2047' ലക്ഷ്യത്തിലേക്കുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ മാറ്റത്തിന് വഴിയൊരുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ 32 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതിക്കായി തങ്ങളുടെ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വ്യവസായ പങ്കാളികളെ കണ്ടെത്തുന്നതിനായി 12 സംസ്ഥാനങ്ങള്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നു കഴിഞ്ഞു. വ്യവസായ ലോകവും സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള മികച്ച ഏകോപനമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
വ്യാവസായിക പരിശീലന കേന്ദ്രങ്ങളെ വ്യവസായ മേഖല നേരിട്ട് നിയന്ത്രിക്കുന്നതും തൊഴില്‍ ഉറപ്പുനല്‍കുന്നതുമായ മികച്ച സ്ഥാപനങ്ങളാക്കി മാറ്റുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് വിശാഖപട്ടണം ക്ലസ്റ്ററിന്റെ അംഗീകാരം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന ഒരു വിജയകരമായ പ്രൊജക്ടായി ഇത് മാറും.
കേന്ദ്ര സര്‍ക്കാരിന്റെ 60,000 കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന ഒരു മുന്‍നിര പദ്ധതിയാണിത്. രാജ്യത്തെ 1,000 സര്‍ക്കാര്‍ ഐ.ടി.ഐകളെ ആധുനിക വ്യവസായ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം.
ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുക, വ്യവസായ മേഖലയുമായുള്ള ബന്ധം ശക്തമാക്കുക, യുവാക്കളുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള മേഖലകളില്‍ ദേശീയ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതിലൂടെ അത്യാധുനിക നിര്‍മ്മാണ മേഖലയ്ക്കും പുത്തന്‍ സാങ്കേതികവിദ്യകള്‍ക്കും അനുയോജ്യമായ ഒരു യുവജന വിഭവശേഷി രാജ്യത്ത് വാര്‍ത്തെടുക്കാന്‍ സാധിക്കും.
