
ഡല്‍ഹി: ജൂലൈ 23-ന് ജന്തര്‍ മന്തറില്‍ നടന്ന കോക്രോച്ച് ജനതാ പാര്‍ട്ടി പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചതിന് കേസെടുക്കപ്പെട്ട പതിനഞ്ചുകാരിയായ പെണ്‍കുട്ടി ക്ഷമാപണ വീഡിയോയുമായി രംഗത്തെത്തി.
മറ്റുള്ളവരുടെ സ്വാധീനത്തില്‍പ്പെട്ടാണ് അങ്ങനെ സംസാരിച്ചതെന്നും ഇത് തന്റെ ജീവിതത്തിലെ 'ആദ്യത്തെയും അവസാനത്തെയും തെറ്റാണെന്നും' കൈകൂപ്പി മാപ്പപേക്ഷിച്ചുകൊണ്ട് പെണ്‍കുട്ടി പറഞ്ഞു.
സുഹൃത്തുക്കളോടൊപ്പം ഡല്‍ഹി കനോട്ട് പ്ലേസില്‍ എത്തിയപ്പോള്‍ അവിചാരിതമായാണ് പ്രതിഷേധക്കാരുടെ ഇടയിലേക്ക് ചെന്നുപെട്ടതെന്നും, അവിടെയുണ്ടായിരുന്നവര്‍ പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നത് കണ്ട് അതേറ്റു പറയുകയായിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു.
കൂടാതെ, കേസില്‍ പോലീസ് തന്റെ വയസ്സ് 25 എന്ന് തെറ്റായാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും തനിക്ക് 15 വയസ്സ് മാത്രമേയുള്ളൂ എന്നും വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്.
തനിക്കെതിരെ ഉയര്‍ന്ന അധിക്ഷേപകരമായ മുദ്രാവാക്യങ്ങളില്‍ പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശം പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവന്നത്. വഴിതെറ്റിപ്പോയ കുട്ടികളാണ് ഇതെന്നും തന്റെ പരേതയായ അമ്മയെപ്പോലും അവര്‍ അധിക്ഷേപിച്ചത് വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ തെറ്റുകള്‍ വരുത്തുന്നത് സ്വാഭാവികമാണെന്നും അത് തിരുത്തേണ്ട സമയമാണ് ബാല്യകാലമെന്നും കൂട്ടിച്ചേര്‍ത്ത പ്രധാനമന്ത്രി, ഇത്തരം യുവാക്കളെ കോടതി കയറ്റുകയോ വേട്ടയാടുകയോ ചെയ്യുന്നതിന് പകരം ശരിയായ വഴി കാണിച്ചുകൊടുക്കുകയാണ് സമൂഹത്തിന്റെ കടമയെന്നും വ്യക്തമാക്കി അവരോട് ക്ഷമിക്കുന്നതായി അറിയിച്ചു.
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പിന്നാലെ നോയിഡ പോലീസാണ് പെണ്‍കുട്ടിക്കെതിരെ സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയത്.
