
ന്യൂഡല്‍ഹി: പരീക്ഷാ പേപ്പർ ചോർച്ച തടയല്‍ ഭേദഗതി ബില്‍ പാർലമെന്റ് പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സെല്‍ഫി വീഡിയോയ്ക്ക് വിമർശനവുമായി സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ.
മോദിയുടെ മുഖത്തിന് രാജ്യത്തിന്റെ ഭാവിയേക്കാള്‍ തിളക്കമുണ്ടെന്നായിരുന്നു ദീപ്കെ ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.
വിദ്യാർത്ഥികളെ തല്ലിച്ചതച്ചതിന് മറുപടി പറയാതെ സ്വയം പ്രശംസിച്ചായിരുന്നു മോദി വീണ്ടും സെല്‍ഫി റീല്‍ പങ്കുവച്ചത്.
വിശ്വസനീയമായ പരീക്ഷാസംവിധാനം ഉറപ്പാക്കാൻ ഞങ്ങള്‍ ഘട്ടം ഘട്ടമായി നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റീലില്‍ പറയുന്നു.
വിഷയത്തില്‍ നിരവധിപേരില്‍ നിന്ന് നിർദേശങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ചയില്‍ ഉള്‍പ്പെടുകയും കുട്ടികളുടെ ഭാവി വച്ച് കളിക്കുകയും ചെയ്യുന്ന ആരെയും വെറുതെ വിടില്ലെന്നും വിഡിയോയില്‍ പറയുന്നു.
എന്നാല്‍ സമരം ചെയ്തപ്പോള്‍ കുട്ടികളോടെടുത്ത നിലപാട് അതല്ലല്ലോ എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് റീലിന് കമന്റ് ചെയ്തിരിക്കുന്നത്.
പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന ബില്‍ കഴിഞ്ഞദിവസം സഭ പാസാക്കിയിരുന്നു.
സിജെപി മുന്നോട്ടുവച്ച മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചശേഷമാണ് പരീക്ഷാ ക്രമക്കേടുകളിലെ പ്രതിഷേധ സമരം അവസാനിപ്പിച്ചത്.
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന രാജി വയ്ക്കണം, സമരക്കാർക്കെതിരെ എടുത്ത കേസുകളെല്ലാം പിൻവലിക്കണം, നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊത്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നിവയായിരുന്നു ആവശ്യങ്ങള്‍.
ഇതൊക്കെ അംഗീകരിക്കാം എന്ന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉറപ്പുനല്കിയതിനെത്തുടർന്നാണ് സിജെപിയും വിദ്യാർഥികളും സമരം അവസാനിപ്പിച്ചത്.
