
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മൂന്ന് ദിവസത്തിനകം നിര്‍ബാധം മാപ്പ് പറയണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
മാപ്പ് പറഞ്ഞില്ലെങ്കില്‍ ഐടി ആക്ടിലെ സെക്ഷന്‍ 79(3) പ്രകാരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ലഭിക്കുന്ന സംരക്ഷണവും നിയമപരമായ ആനുകൂല്യങ്ങളും തിരികെ വിളിക്കുമെന്നും പ്രസിദ്ധീകരണ സ്ഥാപനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും സമിതി മുന്നറിയിപ്പ് നല്‍കി.
ലോക്സഭാ സെക്രട്ടറിയേറ്റ് ഇലക്‌ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള കര്‍ശന നടപടികളെക്കുറിച്ചും പരീക്ഷകളെക്കുറിച്ചും വിദ്യാര്‍ത്ഥികളോടും യുവതലമുറയോടും സംസാരിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തെ കമ്മിറ്റി വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
വെറുമൊരു സാങ്കേതിക തകരാര്‍ എന്ന് പറഞ്ഞ് ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പോസ്റ്റിനോട് മെറ്റ ഈ രീതിയിലാണ് പെരുമാറുന്നതെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നും സമിതി അധ്യക്ഷന്‍ നിഷികാന്ത് ദുബെ ചോദിച്ചു.
ഇതുകൂടാതെ, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപകരമായ ഉള്ളടക്കങ്ങള്‍ എന്നിവ നീക്കം ചെയ്യാത്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കാന്‍ സമിതി ആവശ്യപ്പെട്ടു.
വ്യാജ നിക്ഷേപ ആപ്പുകള്‍ വഴി 48 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട കേസില്‍ ഗൂഗിള്‍ ഇന്ത്യ തലവനെതിരെ നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
