Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പ്രളയക്കയത്തില്‍ ഡല്‍ഹി; മണ്‍സൂണ്‍ കനത്തതോടെ റോഡുകള്‍ തോടുകളായി, ജനജീവിതം പൂര്‍ണ്ണമായും സ്തംഭിച്ചു; രോഹിണിയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് മരണം! തലസ്ഥാനത്ത് റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച്‌ കാലാവസ്ഥാ കേന്ദ്രം; ഗുരുഗ്രാമിലും ഡല്‍ഹി-ജയ്പൂര്‍ ഹൈവേയിലും മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്ക്; മരങ്ങള്‍ കടപുഴകി വീണു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

Sathyam Online 2 days ago

ഡല്‍ഹി: കനത്ത മണ്‍സൂണ്‍ മഴയെത്തുടര്‍ന്ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ജനജീവിതം സ്തംഭിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ത കനത്ത മഴയില്‍ ഡല്‍ഹിയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും പലയിടത്തും ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടുകയും ചെയ്തു.


കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡല്‍ഹിയില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സദര്‍ ബസാര്‍, നാസിര്‍പൂര്‍, ഗ്രേറ്റര്‍ കൈലാഷ്, ബദര്‍പൂര്‍, സ്വരൂപ് നഗര്‍ തുടങ്ങിയ ജനവാസ മേഖലകളില്‍ കാല്‍മുട്ടൊപ്പം വെള്ളം ഉയര്‍ന്നതോടെ ജനങ്ങള്‍ ദുരിതത്തിലായി.


റിങ് റോഡ്, ഔട്ടര്‍ റിങ് റോഡ്, ഡല്‍ഹി-ജയ്പൂര്‍ ഹൈവേ തുടങ്ങിയ പ്രധാന പാതകളില്‍ ദൃശ്യപരത കുറഞ്ഞതും വെള്ളക്കെട്ടുണ്ടായതും കാരണം മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടന്നത്.

ഗുരുഗ്രാമിലും റോഡുകള്‍ തോടുകളായതോടെ വാഹനങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഈസ്റ്റ് ഓഫ് കൈലാഷില്‍ ഇസ്‌കോണ്‍ ക്ഷേത്രത്തിന് സമീപവും നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്നിലും കൂറ്റന്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

അതിനിടെ, കനത്ത മഴയെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ നിര്‍മ്മാണത്തിലിരുന്ന നാലുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ മൂന്നായി ഉയര്‍ന്നു. ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടസ്ഥലത്ത് രാത്രി മുഴുവന്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി പുറത്തെടുത്തത്.


ഫയര്‍ഫോഴ്‌സും എന്‍.ഡി.ആര്‍.എഫും പ്രാദേശികവാസികളും ചേര്‍ന്ന് അഞ്ച് പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപെടുത്തി. ഇതില്‍ പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡല്‍ഹിയില്‍ മെഹ്‌റോളിയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് (83 മില്ലീമീറ്റര്‍). ലോധി റോഡില്‍ 79 മില്ലീമീറ്ററും പുസയില്‍ 73 മില്ലീമീറ്ററും മഴ ലഭിച്ചു.


ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ജൂലൈ 10 വരെ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ ഡല്‍ഹിയില്‍ മഴയുടെ തീവ്രത അല്പം കുറയാന്‍ സാധ്യതയുണ്ട്.

കനത്ത വെള്ളക്കെട്ടുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ഓഫീസ് ജീവനക്കാരും വാഹനയാത്രികരും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ താപനില 27 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online