
ബാരാമുള്ള: പ്രണയിനിയെ കാണാനായി അതിർത്തിയിലെ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ ഭാഗത്തേക്ക് കടന്ന പാക് അധീന കശ്മീർ സ്വദേശിയായ യുവാവിനെ ഇന്ത്യൻ സൈന്യം പിടികൂടി.
ശനിയാഴ്ച ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറിലാണ് സംഭവം.
പാക് അധീന കശ്മീരിലെ മുസാഫറാബാദ് ജില്ലയിലുള്ള പൈൻകാഡി ഗ്രാമവാസിയായ സീഷാൻ അഹമ്മദ് മിർ (25) എന്ന യുവാവാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 9.30-ഓടെ ചിലിക്കോട്ട് അതിർത്തി മേഖലയിലൂടെ ഇന്ത്യൻ മണ്ണിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സൈന്യത്തിന്റെ '12 ഗ്രനേഡിയേഴ്സ്' വിഭാഗമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പ്രാഥമിക അന്വേഷണങ്ങള്‍ പ്രകാരം, ഉറിയിലെ തിലായ് ഗ്രാമവാസിയായ ഇറം ബാനു എന്ന യുവതിയെ കാണാനാണ് യുവാവ് അതിർത്തി കടന്നത്. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രണയബന്ധമാണ് ഈ അതിർത്തി ലംഘനത്തിന് പിന്നിലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നിലവില്‍ യുവാവും യുവതിയും സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. ഇരുവരെയും സുരക്ഷാ ഏജൻസികള്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അതിർത്തി കടന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ അട്ടിമറി സാധ്യതകളോ ഉണ്ടോ എന്ന കാര്യവും സുരക്ഷാ ഉദ്യോഗസ്ഥർ ഗൗരവമായി പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
