
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്.
മുന്‍ മന്ത്രി എസ്.പി. വേലുമണിയുടെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ബുധനാഴ്ചയായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കിയ ഈ നിര്‍ണായക നീക്കം.
പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച്, വേലുമണിക്കൊപ്പം പതിമൂന്നോളം എംഎല്‍എമാരാണ് പളനിസ്വാമിയുടെ വസതിയിലെത്തി അദ്ദേഹത്തെ കണ്ടത്. എന്നാല്‍, മുന്‍പ് ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ വേലുമണിക്കൊപ്പമുണ്ടായിരുന്ന മുന്‍ മന്ത്രി സി.വി. ഷണ്‍മുഖം ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമായി.
പളനിസ്വാമിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വേലുമണി, മുന്‍ മന്ത്രി സി. വിജയഭാസ്‌കര്‍, അഗ്രി എസ്.എസ്. കൃഷ്ണമൂര്‍ത്തി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ തമിഴ്നാട് നിയമസഭാ സ്പീക്കര്‍ ജെ.സി.ഡി. പ്രഭാകറിനെ സന്ദര്‍ശിച്ചു. നിയമസഭയില്‍ തങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കുന്ന കത്ത് നേതാക്കള്‍ സ്പീക്കര്‍ക്ക് കൈമാറി. ഇതിനൊപ്പം പാര്‍ട്ടി വിപ്പ് പദവി ആവശ്യപ്പെട്ട് വിജയഭാസ്‌കര്‍ മുന്‍പ് നല്‍കിയ അപേക്ഷ പിന്‍വലിക്കുകയും ചെയ്തു.
പാര്‍ട്ടിയില്‍ യാതൊരുവിധ പിളര്‍പ്പുമില്ലെന്നും ചില അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണുണ്ടായിരുന്നതെന്നും അത് പൂര്‍ണ്ണമായി പരിഹരിച്ചതായും സ്പീക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എസ്.പി. വേലുമണി മാധ്യമങ്ങളോട് പറഞ്ഞു.
'പാര്‍ട്ടിയിലുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പുനപ്പരിശോധന നടത്തണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഞങ്ങള്‍ പദവികള്‍ക്ക് വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു.'എസ്.പി. വേലുമണി പറഞ്ഞു.
വേലുമണിയെ നിയമസഭാ കക്ഷി നേതാവായും ചീഫ് വിപ്പായും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നല്‍കിയിരുന്ന കത്ത് വിമത വിഭാഗം പിന്‍വലിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ, കൂറുമാറ്റ നിരോധന നിയമപ്രകാരം വിമതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇപിഎസ് വിഭാഗം നല്‍കിയ കത്തും പിന്‍വലിച്ചു. എംഎല്‍എമാര്‍ നല്‍കിയ അപേക്ഷകള്‍ പരിശോധിച്ച് വ്യാഴാഴ്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് സ്പീക്കര്‍ ജെ.സി.ഡി. പ്രഭാകര്‍ അറിയിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി എഐഎഡിഎംകെയില്‍ കടുത്ത ആഭ്യന്തര കലഹം നിലനിന്നിരുന്നു. തമിഴ്നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ സി.വി. ഷണ്‍മുഖത്തിന്റെയും എസ്.പി. വേലുമണിയുടെയും നേതൃത്വത്തിലുള്ള വിഭാഗം ഇപിഎസിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി ടിവികെ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു.
ഡിഎംകെയെ എതിര്‍ക്കുക എന്ന ലക്ഷ്യം മാത്രമാണ് പാര്‍ട്ടിക്ക് ഉള്ളതെന്നായിരുന്നു അന്ന് വേലുമണി ഉന്നയിച്ച ആക്ഷേപം. എന്നാല്‍ പുതിയ നീക്കങ്ങളോടെ പാര്‍ട്ടിയിലെ പ്രതിസന്ധി താല്ക്കാലികമായി ഒഴിഞ്ഞിരിക്കുകയാണ്.
