
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ ഹെലികോപ്റ്ററില്‍ യാത്ര നടത്തിയതില്‍ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
പുറത്ത് പറയാനാവാത്ത എന്ത് ഡീലാണ് മുഖ്യമന്ത്രി നടത്തിയതെന്നും ഏത് വിഐപി നിക്ഷേപകനെ കാണാൻ ആണ് മുഖ്യമന്ത്രി പോയതെന്നും അദ്ദേഹം ചോദിച്ചു.
അദ്ദേഹം കളവ് പറയുകയാണെന്നും മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ ആ പരിപാടി ഇല്ലായിരുന്നെന്നും വിഐപി സന്ദർശനങ്ങള്‍ അന്ന് കൊച്ചിയില്‍ നടന്നതായി രേഖയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാർട്ടി സമ്മേളനത്തില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചെന്ന ആരോപണം കളവാണ്. 2017 ഡിസംബറിലാണ് ഈ സംഭവമുണ്ടായത്.
അന്ന് കേന്ദ്രത്തില്‍ നിന്നുള്ള ഒരു സംഘം ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തി. ഈ സംഘത്തെ കാണാനാണ് തൃശൂരില്‍ നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയത്.
തികച്ചും ഔദ്യോഗിക ആവശ്യമായിരുന്നു. ഇതിന്റെ ചിലവ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നല്ല, ജിഐഡിയില്‍ നിന്നാണ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കാപ്പ കേസ് പ്രതി ആർ. സുഗതന് അനുകൂല റിപ്പോർട്ട് നല്‍കിയ സംഭവത്തില്‍ തദ്ദേശ വകുപ്പിലെ ഒരു അണ്ടർ സെക്രട്ടറിയുടെ തലയില്‍ എല്ലാ കുറ്റവും ചുമത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ തലത്തില്‍ നിർദ്ദേശമില്ലാതെ ഇങ്ങനെ ഒരു ഉദ്യോഗസ്ഥനും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
