
ഡല്‍ഹി: പുതിയ അഴിമതിക്കേസില്‍ ഡി.എം.കെ നേതാവ് വി. സെന്തില്‍ ബാലാജി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മറ്റൊരു സുപ്രീം കോടതി ബെഞ്ച് ഉച്ചയ്ക്ക് ഒന്നിന് പരിഗണിക്കും.
കേസ് കോടതിയില്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് അടിയന്തരമായി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശമുണ്ടായത്.
തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷനിലെ (ടാസ്മാക്) ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ (ഡി.വി.എ.സി) രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
ഇതിനെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
നേരത്തെ ഹര്‍ജി പരിഗണിക്കേണ്ടിയിരുന്ന ബെഞ്ചിലെ ജഡ്ജിയായ ജസ്റ്റിസ് വി. മോഹന കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചിലേക്ക് ഹര്‍ജി മാറ്റിയത്.
