
ജയ്പൂര്‍: രാജസ്ഥാനില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ നേതാക്കള്‍ നടത്തിയ 40 മണിക്കൂര്‍ നീണ്ട പ്രക്ഷോഭം ഭരണകൂടത്തിന്റെ ഉറപ്പുകളെ തുടര്‍ന്ന് ഒത്തുതീര്‍പ്പിലായി.
വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ഉപമുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി, തുടര്‍ന്ന് മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ എന്നിവരുടെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും ഭരണകൂടം ഉറപ്പുനല്‍കി.
പ്രതിപക്ഷ നേതാവ് ടീക്കാറാം ജൂലി, റഫീഖ് ഖാന്‍ എം.എല്‍.എ എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം അവസാനിപ്പിച്ചത്.
ഏഴ് ദിവസത്തിനകം അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം ശക്തമായി പുനരാരംഭിക്കുമെന്ന് വിദ്യാര്‍ത്ഥി നേതാവ് വിജയ്പാല്‍ കുഡി മുന്നറിയിപ്പ് നല്‍കി.
മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിയതെന്ന ബി.ജെ.പി ആരോപണം തെറ്റാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് കാരണമാണ് അന്ന് മാറ്റിവെച്ചതെന്നും ജൂലി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പുനരാരംഭിക്കാനുള്ള ധൈര്യം ബി.ജെ.പി സര്‍ക്കാര്‍ കാണിക്കണമെന്നും ജനാധിപത്യത്തില്‍ യുവാക്കളുടെ ശബ്ദം അടിച്ചമര്‍ത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നടത്തുന്ന കൂടിക്കാഴ്ചകളിലായിരിക്കും രാജസ്ഥാനിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ ഭാവി തീരുമാനിക്കപ്പെടുക.
