
ന്യൂഡല്‍ഹി: റെയില്‍വേയില്‍ ജോലിചെയ്തവരെയും കേന്ദ്രസർക്കാർ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി . ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ റെയില്‍വേ ചട്ടപ്രകാരമാണ് എന്ന കാരണം കൊണ്ട് അവർ കേന്ദ്ര ജീവനക്കാരല്ലാതാകുന്നില്ല എന്നും കോടതി പറഞ്ഞു.
പുതിയ ജോലിയില്‍ വേതനം നിശ്ചയിക്കുമ്പോള്‍ ഇവർക്ക് വെയിറ്റേജ് നല്‍കണം. ഇത്തരം സർവീസ് വിഷയങ്ങളില്‍ റെയില്‍വേ ജീവനക്കാർക്ക് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാമെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
പത്തുവർഷത്തിലേറെ റെയില്‍വേയില്‍ സ്ഥിരം സർവീസിലുണ്ടായശേഷം കെ.എസ്.ഇ.ബി.യില്‍ സബ് എൻജിനിയറായി പ്രവേശിച്ച ബെൻസി ജോണിന്റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി. 1990-ലാണ് ബെൻസി ജോണ്‍ റെയില്‍വേയില്‍ ജൂനിയർ ഡ്രാഫ്റ്റ്സ്മാനായി ജോലിയില്‍ പ്രവേശിച്ചത്. 2001-ല്‍ റെയില്‍വേ ജോലിയില്‍നിന്നിറങ്ങിയശേഷം കെ.എസ്.ഇ.ബി.യില്‍ സബ് എൻജിനിയറായി. റെയില്‍വേയിലെ മുൻകാല സർവീസും ബെൻസിയുടെ ശമ്പളം നിശ്ചയിക്കാൻ പരിഗണിച്ചിരുന്നു.
എന്നാല്‍, 2012 ഡിസംബറില്‍ റെയില്‍വേ ബോർഡിന്റെ ചീഫ് ഇന്റേണല്‍ ഓഡിറ്റർ ഇതിനെ എതിർക്കുകയും അധികമായി നല്‍കിയ തുക തിരിച്ചുപിടിക്കാൻ ഉത്തരവിടുകയും ചെയ്യുകയുമായിരുന്നു. റെയില്‍വേ സർവീസിനെ കേന്ദ്ര സർക്കാർ സർവീസായി പരിഗണിച്ച് ശമ്പളനിർണയത്തില്‍ വെയിറ്റേജ് നല്‍കാനാവില്ലെന്നാണ് അന്ന് കാരണമായി പറഞ്ഞിരുന്നത്.
റെയില്‍വേയിലെ സേവനം കേന്ദ്ര സർവീസായി കണക്കാക്കാമെന്ന് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് അത് റദ്ദാക്കുകയായിരുന്നു. കേന്ദ്ര സിവില്‍ സർവീസ് ചട്ടങ്ങളല്ല റെയില്‍വേജീവനക്കാർക്ക് ബാധകമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി. എന്നാല്‍, രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് റെയില്‍വേയെന്ന് സുപ്രീംകോടതി പറഞ്ഞു.
റെയില്‍വേ ബോർഡിനുള്ള അധികാരങ്ങള്‍, അതിനുകീഴിലെ ജോലിക്കാരുടെ കേന്ദ്ര ജീവനക്കാരെന്ന പദവി ഇല്ലാതാക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി റദ്ദാക്കുകയും സിംഗിള്‍ ബെഞ്ചിന്റേത് പുനഃസ്ഥാപിക്കുകയും ചെയ്ത സുപ്രീംകോടതി, ഹർജിക്കാരന് മൂന്നുമാസത്തിനകം ആനുകൂല്യങ്ങള്‍ നല്‍കാനും ഉത്തരവിട്ടു. ഹർജിക്കാരനുവേണ്ടി അഭിഭാഷകരായ രഞ്ജിത് മാരാർ, ലക്ഷ്മി എൻ. കൈമള്‍ എന്നിവരും കെ.എസ്.ഇ.ബി.ക്കുവേണ്ടി കെ.ആർ. സുഭാഷ് ചന്ദ്രൻ, എല്‍.ആർ. കൃഷ്ണയും ഹാജരായി.
