
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ഇന്ന് ആറു പേർക്ക് ജീവൻ നഷ്ടമായി.
കോട്ടയം പൂഞ്ഞാർ പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. ഇടുക്കി കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശിയും അടൂർമലയില്‍ മണ്ണിടിച്ചിലില്‍ ഒരു വീട്ടമ്മയും മരിച്ചു.
മലപ്പുറം കൊണ്ടോട്ടിയില്‍ ഒഴുക്കില്‍പ്പെട്ട് നാല് വയസുകാരനും, കോട്ടയം വാകത്താനം ചക്കൻ ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരനും ജീവൻ നഷ്ടമായി.
വരും മണിക്കൂറുകളിലും അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തൃശൂർ ജില്ലയില്‍ കൂടി റെഡ് അലേർട് പ്രഖ്യാപിച്ചതോടെ നിലവില്‍ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദേശം നിലനില്‍ക്കുന്നത്. വയനാട്ടിലും മഴ കനക്കുകയാണ്.
മഴ ശക്തമായതോടെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഉയരുകയാണ്. മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
