
സാന്‍ ഫ്രാന്‍സിസ്‌കോ: സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വ്യാഴാഴ്ച തീരമടുത്ത ആഡംബര കപ്പലായ 'റൂബി പ്രിന്‍സസി'ല്‍ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 125 പേര്‍ക്ക് അതിതീവ്ര വ്യാപന ശേഷിയുള്ള വയറിളക്ക രോഗബാധ സ്ഥിരീകരിച്ചു.
സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കാനഡ, അലാസ്‌ക എന്നിവിടങ്ങളിലേക്ക് ജൂണ്‍ 12-ന് പുറപ്പെട്ട 20 ദിവസത്തെ യാത്രയ്ക്കിടെയാണ് 102 യാത്രക്കാര്‍ക്കും 23 ജീവനക്കാര്‍ക്കും നോറോവൈറസ് ബാധിച്ചതെന്ന് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.
ജനത്തിരക്കേറിയ സാഹചര്യങ്ങളില്‍ ഭക്ഷണത്തിലൂടെയോ മലിനമായ പ്രതലങ്ങളിലൂടെയോ അതിവേഗം പടരുന്ന ഒന്നാണ് നോറോവൈറസ്. സാധാരണക്കാര്‍ക്ക് ഇത് കുറച്ചുദിവസത്തെ അസുഖം മാത്രമാണെങ്കിലും, മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും ഇത് അപകടകരമായേക്കാം.
പെട്ടെന്നുണ്ടാകുന്ന ഛര്‍ദ്ദി, വയറിളക്കം, വയറുവേദന എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങളെന്നും ഇവ മൂന്ന് ദിവസം വരെ നീണ്ടുനില്‍ക്കാമെന്നും സി.ഡി.സി വ്യക്തമാക്കി.
കപ്പലില്‍ ആകെ 3,032 യാത്രക്കാരും 1,144 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. രോഗബാധിതരായ എല്ലാവരും ഒരേ സമയത്തല്ല അസുഖബാധിതരായതെന്നും, കപ്പല്‍ തുറമുഖങ്ങളില്‍ എത്തുമ്പോഴും പുറപ്പെടുമ്പോഴും പല ഘട്ടങ്ങളായാണ് രോഗലക്ഷണങ്ങള്‍ പ്രകടമായതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
രോഗവ്യാപനം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കപ്പലിലെ ജീവനക്കാര്‍ കൃത്യമായി ഇടപെടുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തതായി കപ്പല്‍ കമ്പനിയായ പ്രിന്‍സസ് ക്രൂയിസസ് പ്രസ്താവനയില്‍ അറിയിച്ചു. വ്യാഴാഴ്ച തന്നെ അടുത്ത സര്‍വീസിനായി കപ്പല്‍ പുറപ്പെടുന്നതിന് മുന്‍പ് കപ്പല്‍ പൂര്‍ണ്ണമായി അണുവിമുക്തമാക്കുമെന്നും കമ്പനി വ്യക്തമാക്കി.
നോറോവൈറസ് പടരാതിരിക്കാന്‍ ശുചിത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, പ്രത്യേകിച്ച് ശുചിമുറി ഉപയോഗിച്ച ശേഷവും ആഹാരം കഴിക്കുന്നതിന് മുന്‍പും സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡെങ്കിലും കൈകള്‍ നന്നായി കഴുകണം. നോറോവൈറസിനെതിരെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ അത്ര ഫലപ്രദമല്ലെന്നും ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
