
തിരുവനന്തപുരം: സർക്കാർ ചിലവില്‍ ഹെലികോപ്റ്ററില്‍ സ്വകാര്യ യാത്ര നടത്തിയെന്ന പ്രതിപക്ഷ ആരോപണങ്ങളെ പൊളിച്ചടുക്കി മുഖ്യമന്ത്രി വി.ഡി.സതീശൻ.
താൻ നടത്തിയത് പൂർണ്ണമായും സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയുള്ള ഔദ്യോഗിക യാത്രയായിരുന്നുവെന്നും കൊച്ചിയിലെത്തിയ പ്രമുഖ നിക്ഷേപക ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്താനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാടും ഈ വൻ നിക്ഷേപത്തിനായി സജീവമായി രംഗത്തുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് ഈ സംഘം കൊച്ചിയിലെത്തിയത്. വന്ദേഭാരത് ട്രെയിനില്‍ പോയി അവരെ കാണാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും അവർക്ക് രാത്രി തന്നെ ഡല്‍ഹിക്ക് മടങ്ങേണ്ടി വന്നതിനാലാണ് ഹെലികോപ്റ്ററില്‍ അടിയന്തരമായി പോകേണ്ടി വന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
തന്റെ യാത്ര കൊണ്ട് സർക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ല. കഴിഞ്ഞ പിണറായി സർക്കാർ അടുത്ത സെപ്റ്റംബർ 19 വരെ പ്രതിമാസം 80 ലക്ഷം രൂപ നല്‍കി വാടകയ്ക്ക് എടുത്തിട്ടിരിക്കുന്നതാണ് ഈ ഹെലികോപ്റ്റർ. കരാർ പ്രകാരം മാസം 25 മണിക്കൂർ സൗജന്യ യാത്ര അനുവദനീയമാണ്.
പുതിയ സർക്കാർ അധികാരത്തില്‍ വന്നിട്ട് ആകെ മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ഇത് ഉപയോഗിച്ചിട്ടുള്ളത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സമ്മേളനത്തിന് പോകാൻ ഹെലികോപ്റ്റർ വിളിച്ച് അതിന്റെ പണം ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് നല്‍കിയതുപോലെയുള്ള ധൂർത്തോ അഴിമതിയോ താൻ കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
നിക്ഷേപകരുടെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് സംസ്ഥാനത്തിന് വരാനിരിക്കുന്ന വൻ പദ്ധതി തന്നെ ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നത്. പദ്ധതിയില്‍ അന്തിമ തീരുമാനമാകുമ്പോള്‍ ഔദ്യോഗികമായി അറിയിക്കുമെന്നും, നിലവില്‍ നിക്ഷേപകരെ വിവാദങ്ങളിലേക്ക് വിട്ടുകൊടുക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
