
കോട്ടയം: സെന്‍സസിന്റെ ഭാഗമായി വീടുകളിലെത്തിയുള്ള വിവര ശേഖരണം തുടങ്ങിയതോടെ വിദ്യാർഥികള്‍ അവധി ആഘോഷത്തില്‍.
എന്യൂമറേറ്റര്‍മാരില്‍ ഭൂരിഭാഗവും അധ്യാപകരായതിനാല്‍ അധ്യയനത്തെ ബാധിക്കുമെന്ന് ആശങ്ക. ഈയാഴ്ച, മിഡ്‌ടേം പരീക്ഷകള്‍ ആരംഭിക്കുകയാണ്.
ഓഗസ്റ്റ് രണ്ടാം വാരം ഓണപ്പരീക്ഷകള്‍ക്കും തുടക്കമാകും. ആദ്യ ടേമിലെ പ്രധാന ദിവസങ്ങളില്‍ അധ്യാപകര്‍ക്ക് സെന്‍സസ് ഡ്യൂട്ടിക്കു പോകേണ്ടി വരുന്നത് ഗുരുതരമായി ബാധിക്കുമെന്നാണ് ആശങ്ക.
ഹെഡ്മാസ്റ്റര്‍ ഒഴികെയുള്ള മുഴുവന്‍ അധ്യാപകര്‍ക്കും സെന്‍സസ് ഡ്യൂട്ടി ലഭിച്ച സ്‌കുളുകളുമുണ്ട്. ഇവിടങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.
31 വരെയാണ് എന്യുമറേഷൻ നീണ്ടുനില്‍ക്കുക. എന്യുമറേറ്റര്‍മാരായ അധ്യാപകര്‍ക്ക് എട്ടു ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ ക്ലാസ് നഷ്ടമാകുന്നതിനു പരിഹാരമൊന്നും പറഞ്ഞിട്ടില്ല.
രാവിലെയും വൈകിട്ടും അവധി ദിവസങ്ങളിലുമൊക്കെയായി വിവര ശേഖരണം നടത്തണമെന്നാണു നിര്‍ദേശം.
എന്നാല്‍, വീടിനോടു ചേര്‍ന്നല്ലാത്ത സ്ഥലങ്ങളില്‍ ഡ്യൂട്ടി ലഭിച്ചിരിക്കുന്നവര്‍ക്ക് ഈ നിര്‍ദേശം പ്രായോഗികമാകില്ല.
വീടുകളില്‍ ചെറിയ കുട്ടികളും വയോധികരുമുള്ളവര്‍ക്കും ഇതു പ്രായോഗികമാകില്ല. അധ്യാപനത്തിനും സെന്‍സസിനുമായി ദിവസം മുഴുവന്‍ ചെലവഴിക്കേണ്ടി വരുന്നതിന്റെ മാനസിക സംഘര്‍ഷവും അധ്യാപകരെ ബാധിക്കും.
30 ദിവസത്തില്‍ കൂടുതല്‍ അധ്യാപകര്‍ക്ക് ഇത്തരം ഡ്യൂട്ടി വന്നാല്‍, ദിവസ വേതനത്തിന് അധ്യാപകരെ നിയമിക്കാന്‍ നിയമമുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് അധ്യാപകര്‍ക്കു പരാതിയുണ്ട്.
എട്ടു ദിവസം ഡ്യൂട്ടി ലീവ് ലഭിച്ചത് തങ്ങള്‍ക്കു ഗുണകരമാണെങ്കിലും വിദ്യാര്‍ഥികളെ ബാധിക്കുമെന്നും അധ്യാപകര്‍ പറയുന്നു.
