Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സെയ്‌ഷെല്‍സ് മന്ത്രിതല സംഘം സിഎംഎഫ്‌ആര്‍ഐയില്‍. സമുദ്രമത്സ്യ മേഖലയില്‍ പരസ്പര സഹകരണം ലക്ഷ്യം

Sathyam Online 2 weeks ago

കൊച്ചി: സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികള്‍ച്ചർ) തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുമായി സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സെയ്‌ഷെല്‍സില്‍ നിന്നുള്ള ഉന്നതതല പ്രതിനിധിസംഘം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആർഐ) സന്ദർശിച്ചു.

സെയ്‌ഷെല്‍സ് ഫിഷറീസ്, കാർഷിക, ബ്ലൂ ഇക്കോണമി മന്ത്രി വാലസ് കോസ്‌ഗ്രോയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സിഎംഎഫ്‌ആർഐയിലെത്തിയത്.

കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍, ഫിഷ് സ്റ്റോക് അസസ്‌മെന്റ്്, കടല്‍ പായലില്‍ നിന്നുള്ള മൂല്യവർധിത ഉല്‍പാദനം, അലങ്കാരമത്സ്യ പ്രജനനം, ട്യൂണ മത്സ്യബന്ധനം, മാരികള്‍ച്ചർ എന്നീ മേഖലകളില്‍ സിഎംഎഫ്‌ആർഐ വികസിപ്പിച്ച സാങ്കേതിക വിദ്യകളും ഗവേഷണ പ്രവർത്തനങ്ങളും പ്രതിനിധിസംഘം വിലയിരുത്തി.


കാർഷിക അനുബന്ധ മേഖലകളില്‍ ഇന്ത്യയുമായി സഹകരണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരുമായും ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിലുമായും ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് മന്ത്രി വാലസ് കോസ്‌ഗ്രോ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് സിഎംഎഫ്‌ആർഐ സന്ദർശനം.


സിഎംഎഫ്‌ആർഐ ഡയറക്ടർ ഡോ ഗ്രിൻസണ്‍ ജോർജ് സ്ഥാപനത്തിന്റെ ഗവേഷണ പുരോഗതികളും സാങ്കേതിക നേട്ടങ്ങളും വിശദീകരിച്ചു.

സിഎംഎഫ്‌ആർഐ വികസിപ്പിച്ച ഡിജിറ്റല്‍ വിവരശേഖരണ കേന്ദ്രവും ആധുനിക സ്റ്റോക് അസസ്‌മെന്റ് രീതികളും സംഘം വിലയിരുത്തി.

സുസ്ഥിര മത്സ്യബന്ധനവും ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും തമ്മില്‍ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ഇന്ത്യയുടെ നയരൂപീകരണ രീതികളെക്കുറിച്ചും സംഘം ചോദിച്ചറിഞ്ഞു.

സാങ്കേതിക വിജ്ഞാന കൈമാറ്റം, നൈപുണ്യ ശേഷി വികസനം, സംയുക്ത ഗവേഷണങ്ങള്‍ എന്നിവയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകള്‍ യോഗം വിലയിരുത്തി.

ഉന്നത ഫിഷറീസ്, നയരൂപീകരണ ഉദ്യോഗസ്ഥർ സെയ്‌ഷെല്‍സ് പ്രതിനിധി സസംഘത്തിലുണ്ടായിരുന്നു. സിഎംഎഫ്‌ആർഐ ശാസ്ത്രജ്ഞരും വകുപ്പ് മേധാവികളും ചർച്ചയില്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online