Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഷൗര്യചക്ര ജേതാവ് അമിത് സിംഗ് റാണ ഹിമാചല്‍ പ്രദേശിലുണ്ടായ വാഹനാപകടത്തില്‍ അന്തരിച്ചു

Sathyam Online 3 hrs ago

കാംഗ്ര: ഇന്ത്യന്‍ നാവികസേനയിലെ പ്രമുഖ മറൈന്‍ കമാന്‍ഡോയും ഷൗര്യചക്ര പുരസ്‌കാര ജേതാവുമായ അമിത് സിംഗ് റാണ (32) ഹിമാചല്‍ പ്രദേശിലെ ലാഹ്രുവിലുണ്ടായ വാഹനാപകടത്തില്‍ അന്തരിച്ചു.

തിങ്കളാഴ്ച രാത്രിയാണ് റാണ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. അവധിക്ക് നാട്ടിലെത്തിയ റാണ, അന്ന് രാത്രി സുഹൃത്തിനെ കണ്ട് മടങ്ങിവരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

ലാഹ്രുവിന് സമീപമുള്ള അപകടം നിറഞ്ഞ വളവില്‍ വെച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. രാത്രി 11 മണിയോടെയായിരുന്നു അപകടം.


രാജ്യത്തിന്റെ കാവലാളായി സമാനതകളില്ലാത്ത ധീരതയും ശൗര്യവും പ്രകടിപ്പിച്ച ഈ യുവയോദ്ധാവിന്റെ വിയോഗം പ്രദേശത്തെയാകെ കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അപകടവിവരമറിഞ്ഞ് നാട്ടുകാരും പോലീസും ഉടന്‍ തന്നെ സ്ഥലത്തെത്തി. കൊക്കയുടെ ആഴക്കൂടുതല്‍ കാരണം രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു.


ഏകദേശം ഒരു മണിക്കൂര്‍ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് ഗുരുതരാവസ്ഥയിലായിരുന്ന റാണയെ മുകളിലെത്തിച്ച്‌ ഖുണ്ഡിയന്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

മാതാപിതാക്കളുടെ ഏക മകനായ റാണയ്ക്ക് രണ്ട് സഹോദരിമാരുണ്ട്. അമ്മ പവന്‍ കുമാരി, പിതാവ് നായിബ് സുബേദാര്‍ കേവല്‍ സിംഗ് റാണ, ഭാര്യ മീനാക്ഷി റാണ, നാല് വയസ്സുള്ള മകന്‍ എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

ഇന്ത്യന്‍ നാവികസേനയുടെ എലൈറ്റ് കമാന്‍ഡോ വിഭാഗമായ മാര്‍ക്കോസിലാണ് അമിത് റാണ സേവനമനുഷ്ഠിച്ചിരുന്നത്. 2018-ല്‍ ജമ്മു കശ്മീരില്‍ നടന്ന 'ഓപ്പറേഷന്‍ രക്ഷക്' എന്ന പ്രമുഖ ഭീകരവിരുദ്ധ പോരാട്ടത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. കഠിനമായ സാഹചര്യങ്ങളിലും തന്റെ സംഘത്തോടൊപ്പം അസാമാന്യ ധീരത പ്രകടിപ്പിച്ച അദ്ദേഹം എട്ട് ഭീകരരെ വധിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്നു.


അദ്ദേഹത്തിന്റെ ധീരതയും നേതൃപാടവവും രാജ്യത്തോടുള്ള പ്രതിബദ്ധതയും കണക്കിലെടുത്ത് 2021-ല്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത സൈനിക ബഹുമതികളിലൊന്നായ 'ഷൗര്യചക്ര' നല്‍കി ആദരിച്ചിരുന്നു.


അപകടത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ കടുത്ത ദുഃഖത്തിലും ഒപ്പം പ്രതിഷേധത്തിലുമാണ്. അപകടം നടന്ന കൃത്യം സ്ഥലത്ത് ക്രാഷ് ബാരിയറുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഭാവിക്കെങ്കിലും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഈ റൂട്ടില്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് നാട്ടുകാര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പൂര്‍ണ്ണ ഔദ്യോഗിക സൈനിക ബഹുമതികളോടെ അമിത് റാണയുടെ മൃതദേഹം ജന്മനാട്ടില്‍ സംസ്‌കരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online