
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഐ.ടി. വകുപ്പിന് കീഴിലുള്ള പ്രമുഖ പൊതുമേഖലാ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (C-DIT)യുടെ പുതിയ ഡയറക്ടറായി ഡോ.
അബ്ദുല്‍ റഹ്മാനെ നിയമിച്ചു.
നിലവില്‍ എല്‍.ബി.എസ്. വനിതാ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട ഐ.ടി. പദ്ധതികള്‍, വിവിധ സർക്കാർ വകുപ്പുകളുടെ വെബ് പോർട്ടലുകള്‍, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയുടെ വികസനത്തിനും പരിപാലനത്തിനും നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് സി-ഡിറ്റ്.
എൻജിനീയറിങ്, ഫാർമസി അടക്കമുള്ള പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള എൻട്രൻസ് പരീക്ഷകളുടെ ഓണ്‍ലൈൻ സേവനങ്ങള്‍ ഒരുക്കുന്നതും സി-ഡിറ്റാണ്.
സംഗീത-വിദ്യാഭ്യാസ, സാങ്കേതിക മേഖലകളില്‍ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ഡോ. അബ്ദുല്‍ റഹ്മാൻ.
എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സർവകലാശാലയുടെ (KTU) പ്രഥമ പ്രോ വൈസ് ചാൻസലർ, എല്‍.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടർ, കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോർ ടെക്നിക്കല്‍ എജ്യുക്കേഷന്റെ (AICTE) ഡയറക്ടർ, സി-ആപ്റ്റ് (C-APT) മാനേജിംഗ് ഡയറക്ടർ, വി.എച്ച്.എസ്.ഇ. ഡയറക്ടർ, സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിഫറെന്റലി ഏബിള്‍ഡ് സ്റ്റഡീസ് ഡയറക്ടർ. എന്നീ നിലകളില്‍ പ്രവർത്തിച്ചു.
കാസർകോട് ജില്ലയിലെ പൈക്ക സ്വദേശിയായ ഡോ. അബ്ദുല്‍ റഹ്മാൻ, കൊട്ടയടുക്കം അബ്ദുള്ളയുടെയും നബീസയുടെയും മകനാണ്.
കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിലെ ഡയറക്ടറായ ഡോ. നീതു സോണ (IIS) ആണ് ഭാര്യ.
ഡിജിറ്റല്‍ ഇമേജ് പ്രോസസ്സിങ്ങില്‍ ഡോക്ടറേറ്റ് ബിരുദമുള്ള അദ്ദേഹത്തിന്റെ കീഴില്‍ പതിനഞ്ചോളം ഗവേഷകർ ഇതിനകം പി.എച്ച്.ഡി പൂർത്തിയാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ജേണലുകള്‍ ഉള്‍പ്പെടെ വിവിധ ദേശീയ-അന്തർദേശീയ പ്രസിദ്ധീകരണങ്ങളില്‍ നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം, ഈ മേഖലയുമായി ബന്ധപ്പെട്ട അഞ്ച് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
