
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ശനിയാഴ്ച്ച രാവിലെ എട്ടുമണിയ്ക്ക് വിമാനത്താവളത്തില്‍ എത്തുമെന്ന് സിജെപി മുഖ്യവക്താവ് സൗരവ് ദാസ്.
എല്ലാവരും ഒരുമിച്ച് അഭിജീതിനെ സ്വീകരിക്കുമെന്നും എല്ലാവരെയും പ്രതിഷേധ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സൗരവ് ദാസ് പറഞ്ഞു.
സിജെപിയുടെ ആദ്യ സമരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ ആയിരിക്കുമെന്നും പിന്നീടുളള സമര പരിപാടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും സൗരവ് വ്യക്തമാക്കി.
സിജെപി വിളിച്ചുചേര്‍ത്ത ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനാണ് സൗരവ് ദാസ്.
'അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ വോട്ട് ചെയ്യുക എന്നത് മാത്രമല്ല ജനാധിപത്യം. അഞ്ച് വര്‍ഷം എല്ലാം സഹിച്ച് കഴിയുക എന്നതല്ല ജനാധിപത്യം. നിയമം കയ്യിലെടുക്കില്ല. നിയമം അനുവദിക്കുന്ന രൂപത്തില്‍ സമാധാനപരമായി സമരം നടത്തും.
അഭിജീത് അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. അറസ്റ്റ് ചെയ്താല്‍ ജനങ്ങളില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കും. ഏത് പാര്‍ട്ടിക്കും സിജെപിയെ പിന്തുണയ്ക്കാം. എത്ര പേര്‍ സമരത്തിന് എത്തും എന്ന് പറയാനാകില്ല. ഒരു വ്യക്തിക്ക് എതിരെയല്ല. ഒരു സിസ്റ്റത്തിന് എതിരെയാണ് സമരം': സൗരവ് ദാസ് പറഞ്ഞു.
