
കോട്ടയം: സിറോ മലബാർ സഭ കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി ഫാ. തോമസ് ആനിമൂട്ടിലിനെ സഭാ സിനഡ് തെരഞ്ഞെടുത്തു.
സിനഡിന്റെ തീരുമാനത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ പ്രഖ്യാപനം നടത്തി.
കോട്ടയം അതിരൂപതയുടെ വികാരി ജനറാളായ മോണ്‍സിഞ്ഞോർ തോമസ് ആനിമൂട്ടില്‍ കണ്ണൂർ പയ്യാവൂർ സ്വദേശിയാണ്.
ഫാ.തോമസ് ആനിമൂട്ടിലിനെ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള മേജർ ആർച്ച് ബിഷപ്പിന്റെ കല്‍പന മേജർ ആർക്കി എപ്പിസ്കോപ്പല്‍ ചാൻസലർ ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ വായിച്ചു.
മേജർ ആർച്ച് ബിഷപ്പും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടും ചേർന്നു ഫാ.തോമസ് ആനിമൂട്ടിലിനെ മെത്രാന്റെ സ്‌ഥാനചിഹ്നങ്ങള്‍ അണിയിച്ചു.
കോട്ടയം അതിരൂപതയിലെ പയ്യാവൂർ സെന്റ് ആൻസ് ക്‌നാനായ ഇടവകയില്‍ പരേതരായ ജോസഫ് ഏലി ദമ്പതികളുടെ മകനായി 1962 ജനുവരി 13നു ജനിച്ച തോമസ് ആനിമൂട്ടില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം അതിരൂപതയുടെ മൈനർ സെമിനാരിയിലാണ് വൈദിക പരിശീലനം ആരംഭിച്ചത്.
മംഗലാപുരം സെന്റ് ജോസഫ് സെമിനാരിയില്‍നിന്നു തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങള്‍ പൂർത്തിയാക്കിയ അദ്ദേഹം 1989 ഏപ്രില്‍ 13-ന് മാർ കുര്യാക്കോസ് കുന്നശ്ശേരിയില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.
കോട്ടയം അതിരൂപതയിലെ മൂന്നാമത്തെ സഹയമെത്രാനാണ് ഫാ.തോമസ് ആനിമൂട്ടില്‍. നിയുക്ത മെത്രാന്റെ സ്‌ഥാനാരോഹണ തീയതി പിന്നീട് അറിയിക്കും.
