
കോട്ടയം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം കണക്കിലെടുത്ത് സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു വെട്ടിക്കുറയ്ക്കാൻ യു.ഡി.എഫ് സർക്കാർ തീരുമാനം.
സാമ്പത്തിക പ്രതിസന്ധി മൂലം സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന പ്രധാന അധ്യാപകർക്ക് വലിയ ആശ്വാസമേകും.
വിപണിയില്‍ പച്ചക്കറികള്‍ക്കും മറ്റ് വ്യഞ്ജനങ്ങള്‍ക്കും തീവില നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലവിലെ മെനു അനുസരിച്ച് ഭക്ഷണം നല്‍കുന്നത് വൻ സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്നുവെന്ന് ഉച്ചഭക്ഷണത്തിൻ്റെ ചുമതല വഹിക്കുന്ന പ്രധാനാധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.
അനുവദിച്ചു നല്‍കുന്ന ഗ്രാന്റ് തുക തികയാത്തതിനെ തുടർന്ന് പല പ്രധാന അധ്യാപകരും സ്വന്തം കയ്യില്‍ നിന്നും കടം വാങ്ങിയുമാണ് നിലവില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോയിരുന്നത്.
എല്‍.പി.ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ ഒന്നിന് 6.78 രൂപയും യു.പിയില്‍ 10.17 രൂപയുമാണ് നല്‍കുന്നത്.
അരി മാത്രം നല്‍കിയ ശേഷം ഈ പണം കൊണ്ട് വേണം മുട്ടയും പാലും പച്ചക്കറിയുമൊക്കെ സ്വരൂപിക്കാന്‍.
ചുമതലയുള്ള അധ്യാപകന്‍ പണം ചെലവാക്കിയാലും കുറഞ്ഞത് ഒന്നര മാസം കഴിയാതെ കിട്ടുകയുമില്ല.
എല്‍ഡിഎഫ് സർക്കാരിൻ്റെ മെനുവില്‍ ഉള്‍പ്പെടുന്ന പല ഇനങ്ങള്‍ക്കും കൂടുതല്‍ എണ്ണയും മറ്റും വേണ്ടി വരുന്നവയാണ്. ഒരു മുട്ടയ്ക്ക് വില 9 രൂപയാണ് ഇന്ന്. വെളിച്ചെണ്ണ വിലയും കുതിക്കുകയാണ്.
പിണറായി സർക്കാരിന്റെ കാലത്ത് കുട്ടികള്‍ക്കായി ഏർപ്പെടുത്തിയിരുന്ന വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി തുടങ്ങിയ വിഭവങ്ങള്‍ക്ക് പകരം ചോറും രണ്ട് കറികളും മാത്രമായിരിക്കും ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
സാമ്പിള്‍ മെനുവിലായി ക്യാബേജ് തോരൻ, സാമ്പാർ, ചീരതോരൻ, പരിപ്പുകറി, ചെറുപയർ തോരൻ, കോവക്ക തോരൻ തുടങ്ങിയ പത്ത് വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഫണ്ടിന്റെ കുറവുമാണ് വിഭവസമൃദ്ധമായ മെനു വെട്ടാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, സർക്കാരിന്റെ പുതിയ തീരുമാനം വിദ്യാർഥികളില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഉച്ചഭക്ഷണത്തോടൊപ്പം ലഭിച്ചിരുന്ന വിഭവങ്ങളുടെ എണ്ണം കുറയുന്നത് കുട്ടികളുടെ ഉച്ചഭക്ഷണത്തോടുള്ള താല്പര്യത്തെ ബാധിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
