Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് മുകളിലല്ല; അന്വേഷണത്തോട് സഹകരിക്കാത്ത 'എക്സിന്' അലഹബാദ് ഹൈക്കോടതിയുടെ കടുത്ത താക്കീത്; കുറ്റവാളികളെ പിടികൂടാന്‍ ഇന്ത്യന്‍ നിയമത്തിന്റെ കൈകള്‍ക്ക് നീളമുണ്ട്! ഗാസിയാബാദ് പോലീസ് കമ്മീഷണറോട് നേരിട്ട് ഹാജരാകാന്‍ ഉത്തരവ്; അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ സുതാര്യമായ അന്വേഷണത്തിന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

Sathyam Online 4 days ago

പ്രയാഗ്രാജ്: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്കോ രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്കോ മുകളില്‍ അല്ലെന്നും അവ നിയമത്തിന് മുന്നില്‍ പൂര്‍ണ്ണമായും ഉത്തരവാദികളാണെന്നും അലഹബാദ് ഹൈക്കോടതി.

ഏതൊരു കുറ്റകൃത്യത്തെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തക്കവിധം ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ കൈകള്‍ക്ക് നീളവും കരുത്തുമുണ്ടെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.


ഹര്‍ജിക്കാരന്റെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്സ്', ബന്ധപ്പെട്ട അക്കൗണ്ടിന്റെ യു.ആര്‍.എല്‍ ഐഡിയും ഐ.പി വിലാസവും നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും അതിനാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഈ നിര്‍ണ്ണായക നിരീക്ഷണം.


വിവരങ്ങള്‍ നല്‍കാത്ത എക്സിന്റെ നിലപാടിന് മുന്നില്‍ അന്വേഷണം സ്തംഭിച്ചു എന്ന് പറയുന്നത് പ്രാഥമികമായി പോലീസിന്റെ പരാജയമാണെന്ന് ജസ്റ്റിസ് അജയ് ഭാനോട്ട്, ജസ്റ്റിസ് ദിവേഷ് ചന്ദ്ര സാമന്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.

ഇത്തരം ഗുരുതരമായ കേസുകളില്‍ എക്സ് അധികൃതര്‍ പോലീസിനോട് സഹകരിക്കാത്തത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. എക്സ് അധികൃതരുടെ ഈ നിലപാട് കുറ്റവാളികള്‍ക്ക് നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായകരമാകുമെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.


സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പോലീസുമായി സഹകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനായി ഗാസിയാബാദ് പോലീസ് കമ്മീഷണറോട് ഓഗസ്റ്റ് 12-ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.


തന്റെ അശ്ലീല വീഡിയോകള്‍ എക്സ് ഹാന്‍ഡിലിലൂടെ പ്രചരിപ്പിച്ചെന്ന് കാണിച്ച്‌ മിഥിലേഷ് കുമാര്‍ എന്നയാള്‍ ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷനില്‍ ഐ.ടി ആക്‌ട് പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ സുതാര്യവും വേഗത്തിലുള്ളതുമായ അന്വേഷണം ആവശ്യപ്പെട്ടാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ജൂലൈ 2-ലെ ഈ കോടതി ഉത്തരവിന്റെ പകര്‍പ്പുകള്‍ ആവശ്യമായ നടപടികള്‍ക്കായി ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും അയക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online