Sunday, 19 Jan, 10.50 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
സ്വര്‍ണ്ണത്തേല്‍ പിടിച്ച്‌ കേന്ദ്രം: 2021 ജനുവരി മുതല്‍ ബിഐഎസ് ഹാള്‍ മാര്‍ക്ക് മുദ്രയില്ലാതെ രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത് കുറ്റകരം: നിയമം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ

ദില്ലി: അവസാനം മോദി സര്‍ക്കാര്‍ സ്വര്‍ണത്തേലും പിടിമുറുക്കുന്നു. 2021 ജനുവരി മുതല്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഹാള്‍ മാര്‍ക്ക് മുദ്രയില്ലാതെ രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത് കുറ്റകരമാകും. ഹോള്‍മാര്‍ക്ക് ഇല്ലാത്ത സ്വര്‍ണ്ണം വിറ്റാല്‍ ഒരു ലക്ഷം പിഴ ഈടാക്കുകയും ചെയ്യും. ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.

പുതിയ നിര്‍ദേശങ്ങള്‍ നടപ്പാകുന്നതോടെ 14, 18, 22 എന്നീ മൂന്നു കാരറ്റില്‍ മാത്രമേ സ്വര്‍ണ്ണം വില്‍ക്കാന്‍ അനുവദിക്കുകയുള്ളു. സ്വര്‍ണ്ണ വില്‍പനയുടെ നിലവാരം ഉയര്‍ത്താനാണ് നിര്‍ദേശങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം സ്വര്‍ണ വില്‍പനയില്‍ ബിഐഎസ് ഹോള്‍മാര്‍ക്ക് നിര്‍ബന്ധമാക്കുന്നത് ചെറുകിട വ്യാപാരികളെ സാരമായി ബാധിക്കും. കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നിര്‍ദേശത്തില്‍ ചെറുകിട വ്യാപാരികള്‍ ആശങ്കയിലാണ്. ബിഐഎസ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാന്‍ അനുവദിക്കില്ലെന്ന നിര്‍ദേശം നടപ്പാകുന്നതോടെ സംസ്ഥാനത്തെ ചെറുകിട സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടേണ്ടിവരുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്ത് അഞ്ചുലക്ഷത്തോളം സ്വര്‍ണവ്യാപാരികളാണുള്ളത്. ഒരു ലക്ഷത്തോളം നിര്‍മാതാക്കളും ആയിരക്കണക്കിന് ഹോള്‍സെയില്‍ ഡീലര്‍മാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 27,000 ഓളം സ്വര്‍ണവ്യാപാരികള്‍ മാത്രമാണ് രാജ്യത്ത് ഹാള്‍മാര്‍ക്കിങ് ലൈസന്‍സ് എടുത്തിട്ടുള്ളത്. രാജ്യത്തൊട്ടാകെ 900 ല്‍ താഴെ ഹാള്‍മാര്‍ക്കിങ് സെന്ററുകള്‍ മാത്രമാണിന്നുളളത്.

ഹാള്‍മാര്‍ക്കിങിന്‍റെ കാര്യത്തില്‍ നിലവില്‍ ജ്വല്ലറികളിലുളള സ്റ്റോക്കുകളുടെ കാര്യത്തില്‍ മാത്രമാണ് ഇളവുകളുളളത്. പുതിയ ആഭരണങ്ങളെല്ലാം ഹാള്‍മാര്‍ക്ക് മുദ്രയോടെ മാത്രമേ രാജ്യത്ത് വില്‍ക്കാന്‍ പാടൊള്ളു. 14, 18, 22 കാരറ്റില്‍ വരുന്ന സ്വര്‍ണാഭരണങ്ങളായിരിക്കണം ഇവയെന്നും പുതിയ സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്തെ പകുതിയിലേറെ സ്വര്‍ണ്ണ വ്യാപാരികള്‍ക്കും നിലവില്‍ ഹാള്‍മാര്‍ക്കിങ് ലൈസന്‍സ് ഇല്ലെന്നത് വ്യവസായത്തിന്‍റെ ആശങ്ക വര്‍ധിപ്പിക്കുന്നു. 2019 നവംബറിലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ 2,162 ജ്വല്ലറികള്‍ക്ക് മാത്രമേ ഹാള്‍മാര്‍ക്ക് ലൈസന്‍സ് ഉള്ളൂ.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top