
ചെന്നൈ: തമിഴ്നാട്ടില്‍ ഭരണകക്ഷിയായ ടി.വി.കെ. എം.എല്‍.എയ്ക്ക് 35 കോടി രൂപ കൈക്കൂലി നല്‍കി മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ രാഷ്ട്രീയ നിരീക്ഷകന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ചെന്നൈ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.
തമിഴ്നാട് നിയമസഭാ സ്പീക്കര്‍ ജെ.സി.ഡി. പ്രഭാകറിനെതിരെയുള്ള ഭാവി നീക്കങ്ങളില്‍ അനുകൂലമായി വോട്ട് ചെയ്യുന്നതിനായി ഉത്തംഗരൈയില്‍ നിന്നുള്ള ടി.വി.കെ. എം.എല്‍.എ എന്‍. ഇളയരാജയ്ക്ക് പണം വാഗ്ദാനം ചെയ്തു എന്നാണ് കേസ്.
വെറും 50 ദിവസം മാത്രം പ്രായമുള്ള വിജയ് സര്‍ക്കാരിനെ കുതിരക്കച്ചവടത്തിലൂടെ താഴെയിറക്കാന്‍ ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവും ചേര്‍ന്ന് മുന്‍ മന്ത്രി സെന്തില്‍ ബാലാജിയെയും സഹോദരന്‍ അശോക് കുമാറിനെയും ചുമതലപ്പെടുത്തിയതായി തമിഴ്നാട് നിയമമന്ത്രി ടി. നിര്‍മല്‍കുമാര്‍ ആരോപിച്ചു.
'ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ്' എന്ന സംഘടന നടത്തുന്ന തിരുനാവുക്കരശ് എന്ന രാഷ്ട്രീയ നിരീക്ഷകന്‍ അശോക് കുമാറിന് വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് ഇളയരാജ എം.എല്‍.എയ്ക്ക് 35 കോടി രൂപ വരെ വാഗ്ദാനം ചെയ്തതായി പോലീസ് വ്യക്തമാക്കി.
ഈ ഓഫര്‍ നിരസിച്ചപ്പോള്‍ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് തിരുനാവുക്കരശ് ഭീഷണിപ്പെടുത്തിയതായി എം.എല്‍.എ ട്രിപ്ലിക്കെയ്ന്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുനാവുക്കരശിനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തത്.
ടി.വി.കെ. എം.എല്‍.എമാര്‍ക്ക് 50 കോടി രൂപ വീതം നല്‍കി കൂറുമാറ്റാനാണ് ഡി.എം.കെ. നേതൃത്വം ശ്രമിക്കുന്നതെന്നും ഈ പശ്ചാത്തലത്തിലാണ് ഈ സര്‍ക്കാര്‍ ആറുമാസം തികയ്ക്കില്ലെന്ന് സ്റ്റാലിന്‍ അവകാശപ്പെടുന്നതെന്നും മന്ത്രി നിര്‍മല്‍കുമാര്‍ ആരോപിച്ചു.
അതേസമയം, ഇതിന് മറുപടിയായി തങ്ങളുടെ രണ്ട് എം.എല്‍.എമാരെ വിലയ്ക്കെടുക്കാന്‍ ഭരണകക്ഷിയായ ടി.വി.കെ. ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഡി.എം.കെ. ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
ഡി.എം.കെ. ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച തങ്ങളുടെ രണ്ട് എം.എല്‍.എമാരോട് രാജി വെക്കാന്‍ മുഖ്യമന്ത്രി വിജയ് ആവശ്യപ്പെട്ടതായും ഉപതിരഞ്ഞെടുപ്പില്‍ താന്‍ തന്നെ പ്രചാരണത്തിന് ഇറങ്ങി ഇവരെ വിജയിപ്പിക്കാമെന്ന് ഉറപ്പുനല്‍കിയതായും എം.ഡി.എം.കെ. നേതാവ് വൈകോ പരസ്യമായി വെളിപ്പെടുത്തിയത് ഡി.എം.കെ. ചൂണ്ടിക്കാണിക്കുന്നു.
ഇത് വ്യക്തമായ കുതിരക്കച്ചവടമാണെന്നും അതിനാല്‍ ഈ വിഷയത്തില്‍ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണം വേണമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ഡി.എം.കെ. ആവശ്യപ്പെട്ടു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.
