
ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ കാനുല വഴി ടോയ്ലറ്റ് ക്ലീനര്‍ കുത്തിവെച്ച് ഭാര്യ കൊലപ്പെടുത്തി.
വിദേശത്ത് ജോലിയുള്ള പ്രശാന്ത് (35) എന്ന യുവാവാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ സന്ധ്യ (32), കാമുകന്‍ അനില്‍ (35), ഇവരുടെ സുഹൃത്തായ വെങ്കട്ട് സായ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സന്ധ്യയും അനിലും തമ്മിലുള്ള അവിഹിത ബന്ധത്തിന് പ്രശാന്ത് തടസ്സമാകുമെന്ന് കരുതിയാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഗള്‍ഫിലായിരുന്ന പ്രശാന്ത് നാട്ടിലെത്തിയ വിവരമോ മരണവിവരമോ സന്ധ്യ തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് കാണിച്ച് ജൂലൈ 1-നാണ് പ്രശാന്തിന്റെ അമ്മ പോലീസില്‍ പരാതി നല്‍കിയത്.
മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതിയില്‍ ആരോപിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത്.
പ്രതികള്‍ തയ്യാറാക്കിയ പദ്ധതി പ്രകാരം ജൂണ്‍ 29-ന് വെങ്കട്ട് സായ് പ്രശാന്തിന്റെ വീട്ടിലെത്തുകയും അദ്ദേഹത്തെക്കൊണ്ട് അമിതമായി മദ്യം കഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെനിന്ന് താഴേക്ക് തള്ളിയിട്ടു. സന്ധ്യ ഫോണിലൂടെ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് സായ് പ്രശാന്തിനെ താഴേക്ക് തള്ളിയത്.
വീഴ്ചയില്‍ പ്രശാന്തിന് ഗുരുതരമായി പരിക്കേറ്റെങ്കിലും മരണം സംഭവിച്ചില്ല. ഇതോടെ സന്ധ്യയും സായൂം ചേര്‍ന്ന് പ്രശാന്തിനെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം പ്രശാന്തിനെ തിരികെ വീട്ടിലെത്തിച്ചു.
തുടര്‍ന്ന് കാമുകന്‍ അനിലിന്റെ പ്രേരണയാല്‍, സന്ധ്യ പ്രശാന്തിന്റെ കയ്യിലുണ്ടായിരുന്ന കാനുല വഴി ടോയ്ലറ്റ് ക്ലീനറും അനസ്‌തേഷ്യ മരുന്നും ശരീരത്തിലേക്ക് കുത്തിവെക്കുകയായിരുന്നു. ഇതിനുപിന്നാലെ പ്രശാന്തിനെ കട്ടിലില്‍ നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്തു.
ഇതോടെയാണ് മരണം സംഭവിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തതായും പോലീസ് അറിയിച്ചു.
