
ഇടുക്കി: തൊടുപുഴ വെങ്ങല്ലൂരിലെ സ്മിത മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് സഹപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
അല്‍ഫോൻസാ, ലിസി, നിഷ എന്നീ മൂന്ന് ജീവനക്കാർക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തിരിക്കുന്നത്.
ആത്മഹത്യാപ്രേരണ, ഭീഷണിപ്പെടുത്തല്‍, അപകീർത്തിപ്പെടുത്തല്‍ എന്നീ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.
സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് മൂന്ന് പേരെയും ആശുപത്രി അധികൃതർ ഇന്നലെ സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
ആശുപത്രിയിലെ നഴ്സായ മുപ്പത്തിയൊന്നുകാരി എം. മെറിൻ നീതു ആണ് സഹപ്രവർത്തകരുടെ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചത്.
തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ 2026 ജൂണ്‍ ഒന്നിന് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരം, ഭാരതീയ ന്യായ സംഹിതയിലെ (BNS) 62, 108, 356(2), 351(3), 3(5) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2026 മെയ് 18 മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ പ്രതികള്‍ മൂന്നുപേരും ചേർന്ന് ആശുപത്രിയില്‍ വെച്ച് യുവതിയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
