
തിളക്കമുള്ള ചർമ്മം നേടാനായി പലരും ഉപയോഗിക്കുന്ന ചില തൊലി വെളുപ്പിക്കല്‍ ക്രീമുകള്‍ ആരോഗ്യത്തിന് ഗുരുതര ഭീഷണിയാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
ഇത്തരം ചില ഉല്‍പ്പന്നങ്ങളില്‍ മെർക്കുറി, ഈയം പോലുള്ള അപകടകരമായ ലോഹമൂലകങ്ങള്‍ അനുവദനീയമായ അളവിനെക്കാള്‍ വളരെ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
ഈ രാസവസ്തുക്കള്‍ ചർമ്മത്തിലൂടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും രക്തത്തില്‍ കലരുകയും ചെയ്യാം. ദീർഘകാലമായി ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുന്നത് സ്ത്രീകളിലും പുരുഷന്മാരിലും വൃക്കകളെ ബാധിക്കുന്ന മെമ്പ്രനസ് നെഫ്രോപതി പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ സൗന്ദര്യവർധക ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
നിങ്ങളുടെ കിഡ്നി പണി മുടക്കുന്നുവെന്നതിന് ശരീരം ചില സൂചനകളും തരും. കണ്ണുകള്‍ക്ക് ചുറ്റും കാണുന്ന വീക്കമാണ് ആദ്യത്തെ സൂചന. ഇതിന് പുറമേ കാലുകളിലും കണങ്കാലിലും നീരുവീക്കം ഉണ്ടായേക്കാം. മൂത്രത്തില്‍ അകാരണമായ തോതില്‍ പത കാണപ്പെടുന്നത് കിഡ്നി പണി മുടക്കുന്നതിന്റെ ലക്ഷണമാണ്.
ഇനി സുരക്ഷിതമായിരിക്കാൻ എന്ത് ചെയ്യണമെന്ന് അറിയണ്ടേ ? അംഗീകാരമില്ലാത്ത ബ്ലീച്ചിംഗ് പൗഡറുകള്‍ മുഖം മിനുക്കാൻ ഉപയോഗിക്കാതിരിക്കുക. ക്രീമുകള്‍ വാങ്ങുമ്പോള്‍ ലേബലില്‍ മെർക്കുറി ഇല്ലെന്ന് ഉറപ്പു വരുത്തുക. ചർമ്മരോഗ വിദഗ്ധരുടെ അഭിപ്രായം മാത്രം എപ്പോഴും സ്വീകരിക്കാൻ ശ്രദ്ധിക്കുക. സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളില്‍ ഇറക്കുമതി, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, സാധനത്തിന്റെ പേരും വിലാസവും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നിവ സൂക്ഷ്മമായി പരിശോധിക്കണം.
