Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിക്ക് തിരിച്ചടി: കണ്ണിന്റെ ചികിത്സയ്ക്കായി വിദേശത്ത് പോകാനുള്ള ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി തള്ളി; സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ നടപടി

Sathyam Online 1 week ago

കൊല്‍ക്കത്ത: കണ്ണിന്റെ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാന്‍ അനുമതി തേടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി നല്‍കിയ ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി തള്ളി.


ചികിത്സ രാജ്യത്തിനകത്ത് നല്‍കാന്‍ കഴിയുമോ അതോ വിദേശത്ത് പോകേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രിത എസ്.എസ്.കെ.എം ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.


എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് അഭിഷേക് ബാനര്‍ജി അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.

ചികിത്സ എവിടെ നല്‍കുന്നു എന്നതിനേക്കാള്‍ പ്രാധാന്യം ഹര്‍ജിക്കാരന് ചികിത്സ ലഭിക്കുന്നുണ്ടോ എന്നതിനാണ് കോടതി നിരീക്ഷിച്ചു. ക്രിമിനല്‍ കേസില്‍ ഇടക്കാല സംരക്ഷണം അനുവദിക്കുമ്പോള്‍, മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ അഭിഷേക് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജിയില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു.


അഭിഷേക് ബാനര്‍ജിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളും എഫ്.ഐ.ആറുകളും നിലവിലുണ്ടെന്നും അടിയന്തരമായി വിദേശത്ത് പോകേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രാജ്ദീപ് മജുംദാര്‍ വാദിച്ചു.


എന്നാല്‍ തങ്ങള്‍ക്ക് അനുയോജ്യമായ ഡോക്ടറെയും ആശുപത്രിയെയും തിരഞ്ഞെടുക്കാനുള്ള അവകാശം ഹര്‍ജിക്കാരനുണ്ടെന്ന് അഭിഷേകിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍ വാദിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online