
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ കേമാക് സ്ട്രീറ്റിലെ ഓഫീസിന് മുന്നില്‍ നിന്ന് അനധികൃത ബോര്‍ഡ് നീക്കം ചെയ്യുന്നതിനിടെ പോലീസുകാരുമായി വാക്കേറ്റവും കൈയേറ്റവുമുണ്ടായ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എം.പി ഡെറക് ഒബ്രയാന്‍ പോലീസ് ചോദ്യം ചെയ്യലിന് ഹാജരായി.
ബുധനാഴ്ച രാവിലെ ഷേക്‌സ്പിയര്‍ സരണി പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നല്‍കിയ രണ്ട് സമ്മന്‍സുകള്‍ക്ക് ശേഷമാണ് എം.പി ഹാജരായത്.
സംഭവദിവസം സ്ഥലത്ത് നടന്ന കാര്യങ്ങളെക്കുറിച്ചും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ചുമാണ് അന്വേഷണസംഘം പ്രധാനമായും ചോദ്യം ചെയ്യുന്നത്.
പ്രവര്‍ത്തകരും കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരും പോലീസും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഡെറക് ഒബ്രയാന്‍ ഗോവണിപ്പടിയില്‍ വീഴുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ആരോ തള്ളിവിട്ടതാണോ അതോ നിയന്ത്രണം വിട്ട് വീണതാണോ എന്നതടക്കമുള്ള വിവരങ്ങളും പോലീസുകാരെ ആക്രമിച്ച സംഭവത്തില്‍ ഒബ്രയാന്റെ പങ്കും പോലീസ് പരിശോധിച്ച് വരികയാണ്.
സ്ഥലത്തുനിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളും വീഡിയോകളും മുന്‍നിര്‍ത്തിയാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഷന് മുന്നില്‍ വന്‍ പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
