
തൃശൂർ: തൃശൂർ വെങ്കിടങ്ങില്‍ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തു. വെങ്കിടങ്ങ് 15-ാം വാർഡ് മുനമ്പ് ഉന്നതിയില്‍ വേലിയത്ത് വീട്ടില്‍ കുമാരൻ (80) ആണ് കൊല്ലപ്പെട്ടത്.
ഓടിരക്ഷപെടാൻ ശ്രമിച്ച മകൻ പ്രജിഷിനെ (41) നാട്ടുകാർ പിടികൂടി വീട്ടില്‍ തടഞ്ഞുവെച്ചു. പിന്നീട് പാവറട്ടി പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.
ശനി പകല്‍ 12.20ഓടെയാണ് സംഭവം. മത്സ്യതൊഴിലാളിയായ കുമാരൻ മീൻപിടിച്ച ശേഷം വീട്ടില്‍ എത്തിയപ്പോള്‍ മകനുമായി തർക്കമുണ്ടായി.
പിന്നാലെ പ്രജീഷ് വെട്ട് കത്തി ഉപയോഗിച്ച് കുമാരന്റെ തലക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുമാരനെ വെങ്കിടങ്ങിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുമാരന്റെ തലയുടെ വലതു ഭാഗത്ത് ആഴത്തില്‍മുറിവേറ്റിരുന്നു. വലത്തേ ചെവി രണ്ടായി മുറിഞ്ഞിട്ടുണ്ട്.
തോളെല്ലും താടിയെല്ലും മുറിഞ്ഞിട്ടുണ്ട്. വെട്ടേറ്റ ശേഷം ആശുപത്രിയില്‍ എത്തിക്കാൻ വൈകിയതും മരണകാരണമായി പറയപ്പെടുന്നു.
രംഭയാണ് കുമാരൻ്റെ ഭാര്യ. മറ്റുമക്കള്‍ മക്കള്‍: പ്രജിത, പ്രനീത. മരുമക്കള്‍: സുദർശൻ, സജീഷ്, സൗദ.
