
മോസ്കോ: ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഉക്രെയ്ന്‍ നടത്തിയ ആവര്‍ത്തിച്ചുള്ള ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് രാജ്യത്തുണ്ടായ കടുത്ത ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി റഷ്യ ഇന്ത്യയില്‍ നിന്ന് കടല്‍മാര്‍ഗ്ഗം പെട്രോള്‍ ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയിലെ 11 ടൈം സോണുകളിലും ഇന്ധനക്ഷാമം രൂക്ഷമായതായും പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പലയിടങ്ങളിലും ഇന്ധന റേഷനിങ്ങും ഫില്ലിംഗ് സ്റ്റേഷനുകളില്‍ നീണ്ട ക്യൂവും ദൃശ്യമാണ്.
ന്യായമായ വിലയില്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനായി തങ്ങള്‍ പല രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് ക്രെംലിന്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, റഷ്യന്‍ ഊര്‍ജ്ജ മന്ത്രാലയമോ ഇന്ത്യന്‍ പെട്രോളിയം മന്ത്രാലയമോ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വ്യവസായ വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 60,000 മെട്രിക് ടണ്ണിലധികം പെട്രോള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.
30,000 മുതല്‍ 40,000 വരെ മെട്രിക് ടണ്‍ വീതം ശേഷിയുള്ള രണ്ട് ടാങ്കറുകളാണ് ആദ്യ ഘട്ടത്തില്‍ റഷ്യയിലേക്ക് തിരിച്ചത്. എന്നാല്‍ ഇന്ത്യയിലെ ഏത് റിഫൈനറിയാണ് ഈ പെട്രോള്‍ നല്‍കുന്നതെന്ന് വ്യക്തമല്ല.
അയല്‍രാജ്യമായ ബെലാറസ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രതിമാസം 4,00,000 മെട്രിക് ടണ്‍ പെട്രോള്‍ ഇറക്കുമതി ചെയ്യാനാണ് റഷ്യ പദ്ധതിയിടുന്നത്. വേനല്‍ക്കാലത്ത് റഷ്യയിലെ പ്രതിദിന പെട്രോള്‍ ആവശ്യകത 1,10,000 മെട്രിക് ടണ്‍ വരെ ഉയരാറുണ്ട്. ഇതിനകം തന്നെ ബെലാറസ് റഷ്യയിലേക്കുള്ള ഇന്ധന വിതരണം ശക്തമാക്കിയിട്ടുണ്ട്.
എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെയുള്ള ഉക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ പല മേഖലകളിലും ഇന്ധനക്ഷാമത്തിന് കാരണമായതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഞായറാഴ്ച സമ്മതിച്ചിരുന്നു.
എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധി നേരിടുന്നതിനായി ഇന്ധന ഇറക്കുമതിക്ക് സബ്സിഡി നല്‍കുന്നതുള്‍പ്പെടെയുള്ള നികുതി കോഡ് ഭേദഗതികള്‍ക്ക് റഷ്യന്‍ പാര്‍ലമെന്റ് കഴിഞ്ഞ ആഴ്ച അംഗീകാരം നല്‍കിയിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള ഡെലിവറി ചെലവുകളും വിലയുമായി ബന്ധിപ്പിച്ചാണ് ഈ സബ്സിഡി ആനുകൂല്യങ്ങള്‍ റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.
