
ചാരുംമൂട്: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ പാദസരം മോഷ്ട്ടാവ് അപഹരിച്ചു. താമരക്കുളം ഗുരുനാഥൻകുളങ്ങര പ്ലാവിളയില്‍ അനിലിന്‍റെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്.
കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന അനിലിന്‍റെ ഭാര്യ രമ്യയുടെകാലില്‍ കിടന്ന സ്വർണ പാദസരങ്ങളില്‍ ഒന്നാണ് അതി വിദഗ്‌ധമായി അപഹരിച്ചത്.
വീടിന്‍റെ ജനാലയോട് ചേർന്നാണ് ഇവർ കിടന്നിരുന്നത്. പുറത്തെത്തിയ മോഷ്ടാവ് ജനാലയുടെ കൊളുത്തുള്ള ഭാഗം തടി തുളയ്ക്കുന്ന തമിര് ഉപയോഗിച്ച് തുരന്ന് ജനാലപാളി തുറക്കുകയും പാദസരംകട്ട് ചെയ്ത് എടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
പുലർച്ചെ മൂന്നോടെ ഇവർ ഉണർന്ന ശേഷമാണ് ഒരു കാലിലെ പാദസരം നഷ്ടപ്പെട്ടതറിയുന്നത്. വീടിനുള്ളില്‍ കാണുമെന്ന് കരുതി തെരഞ്ഞെങ്കിലും കിട്ടിയില്ല. രാവിലെ ജനല്‍ ഭാഗത്ത് നോക്കുമ്പോഴാണ് കൊളുത്തിന്‍റെ ഭാഗത്ത് ദ്വാരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് നൂറനാട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ പോലീസെത്തി പരിശോധന നടത്തി. വീടിന്‍റെ തെക്കുവശത്ത് മോഷ്ടാവിന്‍റെതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കാണാമായിരുന്നു. മുമ്പ് സമാനമായ രീതിയില്‍ മോഷണം നടത്തിയവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
