
ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി സ്വാഭാവികമായി ലഭിക്കാൻ സൂര്യപ്രകാശം ഏറെ പ്രധാനമാണ്. എന്നാല്‍ ഏത് സമയത്തെ വെയിലാണ് ആരോഗ്യത്തിന് കൂടുതല്‍ ഗുണകരമെന്ന കാര്യത്തില്‍ പലർക്കും ആശയക്കുഴപ്പമുണ്ട്.
ഇന്ത്യയിലെ കാലാവസ്ഥ പരിഗണിക്കുമ്പോള്‍ രാവിലെയുള്ള ഇളം വെയില്‍ കൊള്ളുന്നതാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
രാവിലെ 7 മണി മുതല്‍ 10 മണി വരെയുള്ള സമയമാണ് ഏറ്റവും മികച്ച സമയം. നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി ലഭിക്കാൻ ഇത് സഹായിക്കും. അമിതമായ ചൂട് മൂലമുണ്ടാകുന്ന സൂര്യാതപം, ആരോഗ്യപ്രശ്നങ്ങള്‍, നിർജ്ജലീകരണം, ചർമ്മം കരിവാളിക്കല്‍ പോലെയുള്ള പ്രശനങ്ങള്‍ തടയാനും ഇതാണ് ഉത്തമം.
രാവിലെ 10:30 നും വൈകുന്നേരം 3:30 നും ഇടയിലുള്ള സമയത്ത് വൈറ്റമിൻ ഡി നിർമ്മാണത്തിന് സഹായിക്കുന്ന യുവിബി രശ്മികള്‍ വളരെ ശക്തമായിരിക്കും എങ്കിലും, ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാകും എന്നുള്ളത് കൊണ്ട് ആ സമയം വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.
ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിക്ക് 15 മുതല്‍ 30 മിനിറ്റ് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് പൊതുവേ മതിയാകും. എങ്കിലും ഓരോരുത്തരുടെയും നിറം, പ്രായം, കാലാവസ്ഥ, നിലവിലുള്ള വൈറ്റമിൻ ഡിയുടെ അളവ് എന്നിവയ്ക്കനുസരിച്ച് ഈ സമയത്തില്‍ മാറ്റം വരാം.അതേസമയം, കഠിനമായ വൈറ്റമിൻ ഡി കുറവുള്ള ആളുകള്‍ക്ക് സൂര്യപ്രകാശം കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞെന്ന് വരില്ല. അത്തരം സാഹചര്യങ്ങളില്‍ ഡോക്ടറുടെ കൃത്യമായ പരിശോധനയ്ക്ക് ശേഷം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുകയോ അല്ലെങ്കില്‍ വിറ്റാമിൻ ഡി സപ്ലിമെന്റുകള്‍ കഴിക്കുകയോ ചെയ്യേണ്ടി വരും.
ഇന്ത്യയിലെ കാലാവസ്ഥ അനുസരിച്ച് ചൂട് ഏറ്റവും കുറഞ്ഞ സമയത്ത് വെയില്‍ കൊള്ളുന്നതാണ് അനുയോജ്യം. അതേസമയം തന്നെ കടുത്ത ഉച്ചവെയിലില്‍ ദീർഘനേരം നില്‍ക്കുന്നത് പൂർണ്ണമായും ഒഴിവാക്കുകയും, ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുകയും വേണം. ചുരുക്കത്തില്‍, സൂര്യപ്രകാശം നമ്മുടെ ശരീരത്തിന് ഏറെ ഗുണകരമാണെങ്കിലും, ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും!
