Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വാങ്ങി ഒരാഴ്ചയ്ക്കകം ഐഫോണില്‍ ഗുരുതര തകരാര്‍; മാറ്റിനല്‍കാനോ പണം തിരികെ നല്‍കാനോ കമ്പനി തയ്യാറായില്ല, നിയമപോരാട്ടത്തിനൊടുവില്‍ ഉപഭോക്താവിന് 1.09 ലക്ഷം രൂപ നഷ്ടപരിഹാരം

Sathyam Online 2 weeks ago

മലപ്പുറം: വാങ്ങി ആഴ്ചകള്‍ക്കകം തകരാറിലായ ഐഫോണിന് പകരം ഫോണ്‍ നല്‍കാനോ തുക തിരികെ നല്‍കാനോ തയ്യാറാകാതിരുന്ന സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.

തിരൂർ പുറത്തൂർ ചേന്നര സ്വദേശി ഫൈസലിനാണ് മൊത്തം 1,09,250 രൂപ നഷ്ടപരിഹാരം നല്‍കാൻ കമ്മീഷൻ ഉത്തരവിട്ടത്. ഫൈസലിന്റെ നിരന്തരമായ നിയമപോരാട്ടമാണ് വിജയം കണ്ടത്.


മകന്റെ പഠനാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഫൈസല്‍ 2023 സെപ്റ്റംബർ 13-ന് ഐഫോണ്‍ വാങ്ങിയത്. എന്നാല്‍ ഫോണ്‍ വാങ്ങി ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ അമിതമായി ചൂടാകല്‍ പോലെയുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ ഫോണില്‍ കണ്ടുതുടങ്ങി. ഫോണ്‍ ഉപയോഗിക്കാൻ പോലും പറ്റാത്ത വിധത്തില്‍ ഹീറ്റാവുകയും ഫ്രണ്ട് കാമറയ്ക്ക് മോശം ക്ലാരിറ്റി അനുഭവപ്പെടുകയും ചെയ്തു.


ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഫൈസലും മകനും നിരവധി തവണ അംഗീകൃത സർവിസ് സെന്ററില്‍ കയറിയിറങ്ങിയെങ്കിലും ഫലം കണ്ടില്ല. ഫോണ്‍ എടുത്തിട്ട് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ തകരാറുകള്‍ ആവർത്തിച്ചതോടെ, ഫോണ്‍ മാറ്റി നല്‍കാനോ (Exchange) അല്ലെങ്കില്‍ വാങ്ങിയ തുക തിരികെ നല്‍കാനോ ഫൈസല്‍ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കാൻ കമ്പനി തയ്യാറായില്ലെന്നും തകരാറുകള്‍ പരിഹരിച്ചു നല്‍കാം എന്ന മറുപടി മാത്രമാണ് ലഭിച്ചതെന്നും ഫൈസല്‍ പറയുന്നു.

കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടർന്നാണ് നിയമപരമായ നടപടികളിലേക്ക് കടന്നത്. പരാതിയില്‍ വാദം കേട്ട ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഫോണിന്റെ വിലയും കോടതി ചിലവും നഷ്ടപരിഹാരവും നല്‍കാൻ വിധിക്കുകയായിരുന്നു. ഫോണും ചാർജറും മറ്റ് അനുബന്ധ സാമഗ്രികളും വാങ്ങാൻ ചെലവായ 92,250 രൂപ, മാനസിക ബുദ്ധിമുട്ടുകള്‍ക്കുള്ള നഷ്ടപരിഹാരമായി 10,000 രൂപ, കേസ് നടത്തിയ ചെലവിനത്തില്‍ 7,000 രൂപ എന്നിവയടക്കം ആകെ 1,09,250 രൂപ ഉപഭോക്താവിന് നല്‍കാനാണ് കമ്മീഷന്റെ ഉത്തരവ്. 45 ദിവസത്തിനകം തുക നല്‍കിയില്ലെങ്കില്‍ ഒമ്പത് ശതമാനം വാർഷിക പലിശ നിരക്കില്‍ പിഴയും നല്‍കണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online